മനില: ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച കൽമയേഗി കൊടുങ്കാറ്റ് വിയറ്റ്നാമിലേക്കു നീങ്ങാൻ തുടങ്ങി. ഫിലിപ്പീൻസിൽ 114 പേരാണു മരിച്ചത്. 127 പേരെ കാണാതാവുകയും 82 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാപകമായി നാശനഷ്ടങ്ങളുമുണ്ടായി.
കൊടുങ്കാറ്റിനോട് അനുബന്ധിച്ചുള്ള പേമാരിയിൽ സെബു ദ്വീപിലെ എല്ലാ പട്ടണങ്ങളും മുങ്ങിയെന്നാണ് ഫിലിപ്പീനി വൃത്തങ്ങൾ അറിയിച്ചത്. ഭൂരിഭാഗം മരണങ്ങളും സെബു ദ്വീപിലാണ്. ഫിലിപ്പീനി പ്രസിഡന്റ് ഫെർഡിനാന്റ് മർക്കോസ് ജൂണിയർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി ഇന്നലെ അറിയിച്ചു.
വിയറ്റ്നാമിലേക്കു നീങ്ങാൻ തുടങ്ങിയ കൊടുങ്കാറ്റിനു വേഗം വർധിച്ചിട്ടുണ്ട്. വിയറ്റ്നാമിന്റെ മധ്യഭാഗങ്ങളിൽ കനത്ത നാശം വിതയ്ക്കുമെന്നാണു നിഗമനം. തീരപ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ എട്ടു വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തിവച്ചു.

