വാഷിംഗ്ടൺ ഡിസി: അമേരിക്ക ബുധനാഴ്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചു. മൂന്നു പതിറ്റാണ്ടിനുശേഷം അമേരിക്ക ആണവ പരീക്ഷണം പുനരാരംഭിക്കണമെന്നു പ്രസിഡന്റ് ട്രംപ് നിർദേശിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് സംഭവം.
മിനിട്ടുമാൻ എന്നു പേരുള്ള ഐസിബിഎം ആണ് പരീക്ഷിച്ചതെന്ന് യുഎസ് സേന അറിയിച്ചു. മിസൈലിന്റെ കാര്യക്ഷമതയും കൃത്യതയും തിട്ടപ്പെടുത്താനായിരുന്നു ഇത്. പരീക്ഷണത്തിൽ മിസൈലിൽ പോർമുന ഘടിപ്പിച്ചിരുന്നില്ല.
ആണവശക്തിയിൽ അമേരിക്ക എതിരാളികളായ ചൈനയുടെയും റഷ്യയുടെയും പിന്നിലാകാതിരിക്കാൻ പരീക്ഷണങ്ങൾ പുനരാരംഭിക്കണമെന്നാണ് ട്രംപ് കഴിഞ്ഞമാസം അവസാനം നിർദേശിച്ചത്.

