കാശിയിൽപാതി കല്പാത്തിയിൽ സായന്തനസൂര്യനെ സാക്ഷിനിർത്തി ദേവരഥസംഗമം. ശ്രീ വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിനു സമീപമുള്ള തേരുമുട്ടിയില്‍ ഇന്നലെ വൈകുന്നേരം ദേവരഥ സംഗമത്തിന് ആയിരങ്ങളെത്തി.
വിവിധ ക്ഷേത്രങ്ങളില്‍നിന്നുള്ള ദേവരഥങ്ങൾ ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷം ഒരുമിച്ചുചേരുന്ന ഈ കാഴ്ച കാണാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കല്പാത്തിയിലേക്ക് ഭക്തജനപ്രവാഹമായിരുന്നു.
വിശാലാക്ഷിസമേത വിശ്വനാഥസ്വാമി (ശിവന്), മന്തക്കര മഹാഗണപതി, പഴയ കല്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളില്‍നിന്നുള്ള അലങ്കരിച്ച രഥങ്ങള്‍ കല്പാത്തിയിലെ അഗ്രഹാര വീഥികളിലൂടെ ഗ്രാമപ്രദക്ഷിണം നടത്തിയ ശേഷമാണ് ദേവസംഗമത്തിനായി തേരുമുട്ടിയില്‍ എത്തിച്ചേര്‍ന്നത്.
ഇന്നലെ രാവിലെ മുതല്‍തന്നെ ആയിരങ്ങളാണ് കല്പാത്തിയിലേക്ക് ഒഴുകിയെത്തിയത്. ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍നിന്നും വിഗ്രഹം തേരിലേറ്റിയതോടെ ആവേശം കൊടുമുടിയിലെത്തി. തേരുവലിക്കാന് സ്വദേശീയരും വിദേശികളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. ഇന്നുരാവിലെ നാല് അഗ്രഹാരക്ഷേത്രങ്ങളിലും ധ്വജ അവരോഹണം നടക്കുന്നതോടെ പത്തുനാള്‍ നീണ്ട രഥോത്സവത്തിന് പരിസമാപ്തിയാവും.

