കയ്പമംഗലം: സ്കൂളിൽ അധ്യാപകജോലി വാഗ്ദാനംചെയ്ത് പത്തുലക്ഷം രൂപയുടെ തട്ടിപ്പുനടത്തിയ കേസിൽ ദമ്പതിമാർ കയ്പമംഗലം പോലീസിന്റ പിടിയിൽ. സ്കൂള്മാനേജര് വലപ്പാട് സ്വദേശി വാഴൂർ വീട്ടിൽ പ്രവീണ്‍ (56), ഭാര്യ രേഖ (45) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം പാലോട് നന്ദിയോട് അഞ്ജുനിലയത്തിൽ ആര്യാ മോഹൻ(31) ആണ് തട്ടിപ്പിനിരയായത്. കെഎംയുപി സ്കൂളിലെ എൽപി വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ടെന്നു കാണിച്ച് പത്രപ്പരസ്യം നൽകിയിരുന്നു. ഇതുകണ്ട് എത്തിയ ആര്യയെ ഇന്റർവ്യൂ നടത്തുകയും ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് 2023 നവംബർ ആറിന് 10 ലക്ഷം രൂപ വാങ്ങുകയുമായിരുന്നു.
സ്കൂളിൽ യഥാർഥത്തിൽ ഒഴിവില്ലാതിരുന്നിട്ടും പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി മൂന്നുമാസം സ്കൂളിൽ ജോലിചെയ്യിപ്പിച്ചു. തുടർന്ന് ഇവരെ ജോലിയിൽനിന്നു പിരിച്ചുവിട്ടതോടെയാണ് തട്ടിപ്പുപുറത്തായത്. തുടർന്ന് ആര്യ പോലീസിൽ പരാതി നൽകുകയായിരുന്നു.
കയ്പമംഗലം സ്റ്റേഷൻ എസ്ഐ ടി.വി. ഋഷിപ്രസാദ്, ഗ്രേഡ് എസ്ഐ മണികണ്ഠൻ, ഗ്രേഡ് എഎസ്ഐ വിപിൻ, പ്രിയ, സിപിഒമാരായ ഡെൻസ് മോൻ, ദിനേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

