കൊച്ചി: സംസ്ഥാനത്തെ ഹൈസ്ക്കൂള് , ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.എല്‍ ഒമാരായി നിയമിച്ചതോടെ പൊതു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ ആശങ്കയില്‍. പൊതുവിദ്യാലയങ്ങളിലെ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകള്‍ എഴുതേണ്ട വിദ്യാര്‍ഥികളാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നടപടിയില്‍പ്പെട്ട് ധര്മസങ്കടത്തിലായിരിക്കുന്നത്.
പൊതു പരീക്ഷയ്ക്ക് തയാറാകാനും അധ്യായങ്ങള്‍ തീര്‍ക്കുന്നതിനുമായി ഏതാനും ദിവസങ്ങള്‍ മാത്രമേ അധ്യായന ദിനങ്ങളായി ഇനി മുന്നിലുള്ളു. അധ്യാപകര്‍ നവംബര്‍ മുതല്‍ ജനുവരി വരെ വരെ പ്രത്യേക ക്ലാസുകളും മറ്റും എടുത്താണ് ലാബും പാഠഭാഗങ്ങളും തീര്‍ക്കുന്നത്. പല സ്കൂളിലും അധ്യാപകര്‍ ബിഎല്‍ഒ മാരായി പോയതോടെ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലായി.
പല സ്കൂളുകളിലും ഓരോ വിഷയത്തിലും ഇനിയും പാഠ്യഭാഗങ്ങളും ലാബുകളും തീരാനുണ്ട്. ആരോടാണ് പരാതി പറയേണ്ടതെന്ന വിഷമത്തിലാണ് ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും. പാഠ്യഭാഗങ്ങള്‍ തീര്‍ക്കാനായി ഗസ്റ്റ് നിയമനം നടത്താന്‍ ഇലക്ഷന് കമ്മീഷന് പയുന്നുണ്ട്.
പക്ഷേ അവധി മൂന്നു മാസം കാലാവധിയില്‍ ഉണ്ടെങ്കില്‍ മാത്രമെ ഗസ്റ്റ് നിയമനം പാടുള്ളൂവെന്നാണ് നിയമം . ഇത് പിന്നീട് ഓഡിറ്റ് ഒബ്ജക്ഷന് ആകാം എന്നത് പ്രഥമ അധ്യാപകരെ വലയ്ക്കുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമെന്ന് പറഞ്ഞ് ഓഡിറ്റ് പ്രശ്നങ്ങളില്‍ നിന്ന് തലയൂരാമെങ്കിലും, അധ്യായന വര്‍ഷത്തിന്റെ അവസാന സമയത്ത് മിക്ക വിഷയങ്ങളിലും ഗസ്റ്റിനെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. മിക്കവരും സ്കൂളുകളില്‍ അധ്യായന വര്‍ഷാരംഭത്തില്‍ തന്നെ നിയമനം നേടിയിരിക്കും.
എറണാകുളം ജില്ലയിലെ ഒരു സ്ക്കൂളില്‍ ശ്വാസം മുട്ടല്‍ കാരണം ചികിത്സയിലായിരുന്ന ടീച്ചര്‍ ലാബ് തീര്‍ക്കാനുള്ള വെപ്രാളത്തില്‍ രോഗം മാറുന്നതിന് മുമ്പ് സ്കൂളില്‍ വന്നു. ലാബില്‍ ക്ലാസ് എടുത്തു കൊണ്ടിരുന്ന ടീച്ചറിനോട് ബി.എല്‍ ഒ ഡ്യൂട്ടി വന്നത് വിളിച്ചറിയിച്ചതോടെ ടെന്ഷനാകുകയും ശ്വാസം മുട്ടല്‍ കൂടി അവര്‍ കുഴഞ്ഞു വീഴുകയായിരുന്നു.
സ്കൂളില്‍ നിന്ന് ഉടനടി ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നു . ബിഎല്‍ഒ ഡ്യൂട്ടിക്കായി കൂടുതല്‍ അധ്യാപകരും സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നാണ് എത്തിയിരിക്കുന്നത്. പൊതു പരീക്ഷയ്ക്കിരിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി , അവരുടെ മാര്‍ക്കിനെ ബാധിക്കുമെന്നതിനാല്‍ ഹൈസ്ക്കൂള് , ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ബി.എല്‍ ഒ നിയമനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
സീമ മോഹന്‍ലാല്‍

