ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ ഇന്ത്യയിൽനിന്ന് നാടുകടത്തണമെന്ന ആവശ്യവുമായി ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സർക്കാർ വീണ്ടും കേന്ദ്രസർക്കാരിനു കത്തയച്ചു.
ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രബ്യൂണൽ (ഐസിടി-ബിഡി) ഷേക്ക് ഹസീനയ്ക്കു വധശിക്ഷ വിധിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യക്ക് കത്തയച്ചതെന്ന് വിദേശകാര്യ ഉപദേശകൻ തൗഹിദ് ഹസനെ ഉദ്ധരിച്ച് ബംഗ്ലാദേശ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 17നാണ് 78 കാരിയായ ഹസീനയ്ക്കു ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചത്. ബംഗ്ലാദേശിലെ ആഭ്യന്തരയുദ്ധത്തിനിടെ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരിലാണു നടപടിയെന്നു കോടതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന പ്രക്ഷോഭത്തിലാണ് ഷേക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ അധികാരഭൃഷ്ടരായത്. ഇതോടെ ഷേക്ക് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്യുകയായിരുന്നു.

