ന്യൂഡൽഹി: 2030ന് മുൻപ് പട്ടിണി പകുതിയായി കുറയ്ക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുത്തുകൊണ്ടിരിക്കുകയാണെന്ന് യൂണിസെഫ്. ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് എത്തുന്ന കാര്യത്തിൽ രാജ്യം ശരിയായ പാതയിലാണ്. എന്നിരുന്നാലും ഇന്ത്യയിലെ കുട്ടികളിൽ പകുതിയും (206 മില്യൺ) വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, പോഷകാഹാരം, ശുദ്ധജലം, ശുചിത്വം എന്നിവയിലെല്ലാം പിന്നിലാണ്. ലോക ശിശുദിനത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
ലോകത്തിന്റെ പലഭാഗത്തും കുട്ടികളുടെ അഭിവൃദ്ധിക്കായുള്ള നിക്ഷേപങ്ങൾ മന്ദഗതിയിലാണെങ്കിലും ഇന്ത്യ മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് യൂണിസെഫ് പറയുന്നു. 2015ൽ 19 ശതമാനമായിരുന്ന സാമൂഹ്യസുരക്ഷാ കവറേജ് 2025ൽ 64.3 ആയി 940 മില്യൺ പൗരന്മാരിലെത്തി.
അതേസമയം, ശാരീരിക വെല്ലുവിളികളുള്ള കുട്ടികൾക്കും പ്രശ്നബാധിത മേഖലകളിലുള്ള കുട്ടികൾക്കും മുന്നേറ്റത്തിന്റെ ഗുണങ്ങൾ ലഭിക്കുന്നില്ല. ദേശീയ പദ്ധതികളിൽ കുട്ടികളുടെ അവകാശങ്ങൾ വിളക്കിച്ചേർക്കണമെന്നും സാമൂഹ്യ സുരക്ഷാ പദ്ധതികൾ വ്യാപിപ്പിക്കണമെന്നും നയരൂപീകരണത്തിൽ കുട്ടികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്നും യൂണിസെഫ് സർക്കാരുകളോട് ആവശ്യപ്പെട്ടു.

