വാഷിംഗ്ടൺ ഡിസി: യുഎസ് ഉത്പന്നങ്ങൾക്ക് ഇന്ത്യ വിപണി തുറന്നില്ലെങ്കിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ നിലപാടിൽ മാറ്റംവരുത്തില്ലെന്ന് ദേശീയ സാമ്പത്തിക കൗൺസിൽ ഡയറക്ടറും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ കെവിൻ ഹാസെറ്റ്.
ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്ക് യുഎസ് അധികച്ചുങ്കം ഏർപ്പെടുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷം വീണ്ടും വഷളായ സാഹചര്യത്തിലാണ് ഹാസെറ്റിന്റെ പ്രസ്താവന.
ഇന്ത്യ പിന്മാറിയില്ലെങ്കിൽ ട്രംപ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ല. യുഎസ് ഉത്പന്നങ്ങൾക്കു വിപണികൾ തുറക്കാത്തതിൽ ഇന്ത്യക്കു ശാഠ്യമാണെന്നും ഹാസെറ്റ് ആരോപിച്ചു.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഇന്നലെ മുതൽ 50 ശതമാനം തീരുവ വർധിപ്പിച്ചതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹാസെറ്റിന്റെ പ്രസ്താവന.