ബിർമിംഗ്ഹാം: ചാന്പ്യൻസ് ട്രോഫിക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം എഡ്ജ്ബാസ്റ്റണ് ക്രിക്കറ്റ് ഗ്രൗണ്ടിലെ സൗകര്യങ്ങളിൽ അസംതൃപ്തരാണെന്നു റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് നായകൻ വിരാട് കോഹ്ലിയും പരിശീലകൻ അനിൽ കുംബ്ലെയും സംഘാടകരോട് അസംതൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന.
ബിർമിംഗ്ഹാമിലെത്തി ആദ്യദിനം പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ ടീമിന് പ്രധാന സ്റ്റേഡിയത്തോട് അനുബന്ധിച്ചുള്ള സ്ഥലത്താണ് പരിശീലനത്തിനു സൗകര്യമൊരുക്കിയിരുന്നത്. എന്നാൽ ഈ സ്ഥലം തീരെ ചെറുതായിപ്പോയെന്നാണ് കുംബെയുടെയും കോഹ്ലിയുടെയും പരാതി. ഫാസ്റ്റ് ബൗളർമാർക്ക് റണ്ണപ്പെടുത്ത് ബൗൾ ചെയ്യാൻ പോലും ഇവിടെ സാധിക്കില്ല. ഇതേതുടർന്ന് ഉമേഷ് യാദവ്, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷാമി തുങ്ങിയ പേസ് ബൗളർമാർ പൂർണമായ റണ്ണപ്പെടുക്കാതെയാണ് പരിശീലിച്ചതെന്നാണു സൂചന.
പ്രധാന സ്റ്റേഡിയം പരിശീലനത്തിനു വിട്ടുനൽകണമെന്ന് ഇന്ത്യൻ നായകനും കോച്ചും ആവശ്യപ്പെട്ടെങ്കിലും അടുത്തദിവസം ന്യൂസിലൻഡ്-ഓസ്ട്രേലിയ മത്സരം നടക്കാനുള്ളതിനാൽ ഇത് സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് ടീം മാനേജർ വഴി സംഘടാകരെ അതൃപ്തി അറിയിക്കാൻ ഇന്ത്യ തയാറായത്.