അഞ്ചുവര്‍ഷക്കാലം ഇന്നസെന്റിനെ മണ്ഡലത്തില്‍ കാണാനില്ലായിരുന്നുവെന്ന് ആരോപണത്തെ നേരിടാന്‍ ലഘു വീഡിയോ ചിത്രങ്ങളടക്കം താരം സജീവം, വീണ്ടും മത്സരിക്കാനൊരുങ്ങി ഇന്നസെന്റ് എത്തുമ്പോള്‍ ചാലക്കുടിയിലെ കാഴ്ച്ചകള്‍ ഇങ്ങനെ

ജോണ്‍സണ്‍ വേങ്ങത്തടം

ചാലക്കുടി എംപി ഇന്നസെന്റിന് ഒരു അവസരം കൂടി നല്‍കാന്‍ സിപിഎമ്മില്‍ ആലോചന. ചാലക്കുടി വേണോ അതോ എറണാകുളം വേണോ എന്ന ചിന്തയിലാണ് സിപിഎം. ഏതായാലും മത്സരരംഗത്തേക്കില്ലെന്ന് അറിയിച്ചിരുന്ന ഇന്നസെന്റിന്റെ മനസ് മാറിയതായി അറിയുന്നു.
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ഇന്നസെന്റ് സിപിഎം നേതൃത്വത്തെ അറിയിച്ചതായി അറിയുന്നു. എന്നാല്‍, ഇന്നസെന്റ് അടക്കം പലരേയും പരിഗണിക്കുന്നുണ്ടെന്നും ആരെന്നു പറയാറായിട്ടില്ലെന്നുമാണ് പാര്‍ട്ടി നിലപാട്.

ചാലക്കുടിയില്‍ രണ്ടാമങ്കത്തിന് ഇറങ്ങുന്നില്ലെന്നായിരുന്നു ഇന്നസെന്റിന്റെ നേരത്തെയുള്ള പ്രതികരണം. ഇന്നസെന്റിനു സീറ്റ് കൊടുക്കുമെന്നറിയിച്ചിട്ടില്ലെങ്കിലും പാര്‍ട്ടിക്കു ക്ഷീണമുണ്ടാകുന്ന രീതിയില്‍ പ്രതികരണം നടത്തുന്നതിനെ പാര്‍ട്ടി എതിര്‍ക്കുന്നു. ഇന്നസെന്റ് മത്സരിക്കുന്നില്ലെന്നു പറഞ്ഞാല്‍ തോറ്റു പിന്നോട്ടു പോകുന്നുവെന്ന ധാരണ പരത്തും എന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം.

സിറ്റിംഗ് സിറ്റീല്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സിപിഎമ്മിനും അങ്ങനെ കേള്‍ക്കാന്‍ താല്‍പര്യമില്ല. മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ലെങ്കില്‍ വീണ്ടും മല്‍സരിക്കേണ്ട സാഹചര്യവും ഉണ്ടാവും. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രണ്ടാമങ്കത്തിന് ഒരുക്കമാണെന്ന് ഇന്നസെന്റ് തന്നെ സന്നദ്ധത അറിയിച്ചത്.

മാത്രവുമല്ല ചാലക്കുടിയിലെ രണ്ടാമങ്കത്തില്‍ നിന്ന് പിന്‍മാറിയാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സിപിഎമ്മിന് അത് തിരിച്ചടിയാകും. ഇന്നസെന്റിന്റെ പരാജയം കൊണ്ടാണ് പുതിയ സ്ഥാനാര്‍ഥിയെന്ന് വ്യാഖ്യാനിക്കപ്പെടും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതസാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിക്കപ്പെടുമെന്നതിനാല്‍ ചാലക്കുടിയില്‍ ഇന്നസെന്റ് കളത്തിലുണ്ടാകേണ്ടത് സിപിഎമ്മിന് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ 5 വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാരെ അറിയിക്കാനുളള ശ്രമങ്ങളും ഇന്നസെന്റ് തുടങ്ങിക്കഴിഞ്ഞു.

ഇതിന്റെ ഭാഗമായിട്ടാണ് മണ്ഡലത്തില്‍ നടപ്പാക്കിയ 1750 കോടിയുടെ വികസന രേഖ പുറത്തിറക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇന്നസെന്റിനെ മണ്ഡലത്തില്‍ കാണാനില്ലായിരുന്നുവെന്ന് ആരോപണത്തെ നേരിടാന്‍ ലഘു വീഡിയോ ചിത്രങ്ങളടക്കം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ചാലക്കുടിയിലേക്കും എറണാകുളത്തേക്കും പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ നിരവധി സിപിഎം നേതാക്കളുണ്ട്. എസ്.ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ എറണാകുളത്തേക്കുള്ള ലിസ്റ്റില്‍ ഇടം തേടിയിട്ടുണ്ട്. സെലിബ്രറ്റി സ്ഥാനാര്‍ഥിയായി ഇന്നസെന്റിനെ കൊണ്ടു വന്നു ചാലക്കുടിയില്‍ രാജീവിനെ മത്സരിപ്പിക്കാനുള്ള നീക്കവും തള്ളികളയാന്‍ കഴിയില്ല.

സ്ഥാനാര്‍ഥികളെ മാറ്റി പരീക്ഷിക്കുന്നതു പരാജയഭീതി മൂലമാണെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുമെന്ന ഭയവും പാര്‍ട്ടിക്കുണ്ട്. ചാലക്കുടിയും തൃശൂരും വച്ചുമാറിയാണ് കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ് രണ്ട് സീറ്റുകളും നഷ്ടപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥികളായി ചാലക്കുടിയില്‍ പി.സി. ചാക്കോയും തൃശൂരില്‍ കെ.പി.ധനപാലനുമായിരുന്നു മത്സരിച്ചത്. രണ്ട് പേരും പരാജയപ്പെട്ടു. അത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്ന ചിന്ത സിപിഎമ്മിനുണ്ട്.

എറണാകുളത്തു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ.വി. തോമസ് തന്നെ എത്തിച്ചേരാനുള്ള സാധ്യതയാണുള്ളത്. അദ്ദേഹം മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. ചാലക്കുടിയില്‍ കെ.പി.ധനപാലന്‍, ബെന്നി ബെഹന്നാന്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരുടെ പേരുകളാണ് സജീവമായിട്ടുള്ളത്.

Related posts