കട്ടപ്പന: വാഹനങ്ങളുടെ ഇൻഷ്വറൻസ് പോളിസിയിൽ കൃത്രിമം കാട്ടി വൻ തുക വെട്ടിച്ച യുവാവ് പിടിയിൽ. തൊടുപുഴ, തടിയന്പാട്, കട്ടപ്പന, കുമളി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു വാഹനങ്ങളുടെ ഇൻഷ്വറൻസ് ഇടപാട് നടത്തുന്ന ഇടുക്കി തങ്കമണി പാണ്ടിപ്പാറ വെള്ളാരംപൊയ്കയിൽ വിശാഖി(29)നെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.
തങ്കമണി സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവറുടെ പരാതിയെത്തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്. പുറത്തറിഞ്ഞതോടെ സമാനമായ നിരവധി പരാതികൾ എത്തി.
ലോറിക്ക് ഓട്ടോയുടെ ഇൻഷ്വറൻസ്
കട്ടപ്പന, തങ്കമണി, മുരിക്കാശേരി ഉൾപ്പെടെ പല സ്റ്റേഷനുകളിലായാണ് പരാതികൾ. തങ്കമണി സ്വദേശിയുടെ ടിപ്പർ ലോറിക്ക് ഇൻഷ്വറൻസ് എടുക്കാനായി വിശാഖിനെ സമീപിച്ചിരുന്നു.
വിശാഖ് ഇൻഷ്വറൻസ് തുകയായ 39,000 രൂപ വാങ്ങി. തുടർന്ന് ഒരു ആപ്പ ഓട്ടോറിക്ഷയുടെ നന്പർ വച്ച് ഇൻഷ്വറൻസ് എടുത്ത ശേഷം പോളിസി കംപ്യൂട്ടറിൽ എഡിറ്റ് ചെയ്തു ടിപ്പർ ലോറിയുടെ നന്പർ ആക്കി നൽകി.
ഇൻഷ്വറൻസ് ക്ലെയിമിനായി ലോറി ഉടമയ്ക്ക് ആവശ്യം വന്നപ്പോഴാണ് പോളിസി വ്യാജമാണെന്നു തിരിച്ചറിയുന്നത്.
തുക കൈക്കലാക്കും
ഉടൻതന്നെ തങ്കമണി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പ്രതിയെ വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു.
ടിപ്പർ ലോറികൾക്കു കൂടുതലും പെട്ടി ഓട്ടോറിക്ഷകളുടെയും മിനി ബസുകൾക്കു ടാക്സി കാറുകളുടെയും നന്പർ വച്ചു ഇൻഷ്വറൻസ് എടുത്താണ് തട്ടിക്കുക.
ബാക്കി തുക ഇയാൾ കൈക്കലാക്കും. മിനി ബസിനു സ്കൂട്ടറിന്റെ വരെ ഇൻഷ്വറൻസ് എടുത്തു നൽകി പറ്റിച്ചിട്ടുണ്ട്.ക്ലെയിം ഇല്ലാത്തവർ തങ്ങൾ തട്ടിപ്പിന് ഇരയായെന്നു പോലും മനസിലാക്കില്ല.
ഇയാൾ ഇൻഷ്വറൻസ് തട്ടിച്ച മിനി ബസുകളിൽ പലതും അന്തർ സംസ്ഥാന സർവീസ് നടത്തുന്നതാണെന്നതാണ് ഗൗരവതരമായ കാര്യം. പത്തു പരാതികൾ കിട്ടിയിട്ടുണ്ടെന്നു ഡിവൈഎസ്പി വി.എ. നിഷാദ്മോൻ പറഞ്ഞു.
തങ്കമണി സിഐ അജിത്ത്, എസ്ഐ സജിമോൻ ജോസഫ്, സീനിയർ സിപിഒ ടോണി ജോണ്, സിപിഒ വി.കെ. അനീഷ് എന്നിവരുടെ നേത്വത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.