ഷോര്‍ട്‌സ് ധരിച്ച് പരീക്ഷയെഴുതാന്‍ വന്ന 19കാരിയെ കര്‍ട്ടന്‍ ഉടുപ്പിച്ച് ഇന്‍വിജിലേറ്റര്‍ ! സംഭവം ഇങ്ങനെ…

ഷോര്‍ട്‌സ് ധരിച്ച് പരീക്ഷാ ഹാളിലെത്തിയ 19കാരിയെ കര്‍ട്ടന്‍ ഉടുപ്പിച്ച് അധികൃതര്‍. അസം അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവമുണ്ടായത്.

കാലുകള്‍ പുറത്തു കാണുന്ന ഷോര്‍ട്സ് ധരിച്ച് പരീക്ഷയ്ക്കിരുത്തില്ലെന്നായിരുന്നു ഇന്‍വിജിലേറ്ററുടെ തീരുമാനം. ബിശ്വനാഥ് ചരിയാലി സ്വദേശിയായ ജൂബിലി എന്ന പെണ്‍കുട്ടി പിതാവിനൊപ്പമാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയത്.

തേസ്പൂരിലെ ഗിരിജാനന്ദ ചൗധരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലാണ് പരീക്ഷ നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍ ജീബിലിയെ അകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും ഇന്‍വിജിലേറ്റര്‍ തടഞ്ഞു.

ഈ വേഷം ധരിച്ചു പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് അവര്‍ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡില്‍ പ്രത്യേക വസ്ത്രധാരണ ചട്ടങ്ങളൊന്നും പറയുന്നില്ലെന്നും അസം അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റി ഷോര്‍ട്സ് വിലക്കിക്കൊണ്ട് എവിടേയും പരാമര്‍ശിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടിയെങ്കിലും യാതൊരു ഫലവുമില്ലായിരുന്നു.

വിദ്യാര്‍ത്ഥിനി കരഞ്ഞ് ആവശ്യപ്പെട്ടിട്ടും പാന്റ്സ് ധരിച്ച് എത്തിയാല്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കാമെന്നായിരുന്നു എക്‌സാം കണ്‍ട്രോളര്‍ ഒ അറിയിച്ചത്.

ജൂബിലിയുടെ അച്ഛന്‍ എട്ടു കിലോമീറ്റര്‍ ദൂരെയുള്ള മാര്‍ക്കറ്റില്‍ പോയി പാന്റ്സ് വാങ്ങിച്ചു വന്നു. ഈ സമയത്ത് ഒരു കര്‍ട്ടന്‍ നല്‍കി ജൂബിലിയുടെ കാലുകള്‍ മറക്കുകയാണ് ഇന്‍വിജിലേറ്റര്‍ ചെയ്തത്.

പരീക്ഷ എഴുതിയിറങ്ങിയ ജൂബിലിയും അച്ഛനും അധികൃതരുടെ സമീപനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഇതേ വേഷം ധരിച്ചാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തേസ്പൂരില്‍ തന്നെ താന്‍ നീറ്റ് പരീക്ഷ എഴുതിയതെന്നും ജൂബിലി പറഞ്ഞു.

കോവിഡ് പ്രോട്ടോകോളും മാസ്‌കും ടെംപറേച്ചറും ഒന്നുമല്ല അധികൃതര്‍ നോക്കിയത് മറിച്ച് ഷോര്‍ട്സ് ആയിരുന്നുവെന്ന് കുട്ടി പറയുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇത്രമാത്രം അവഹേളിക്കപ്പെടുന്നതെന്നും കുട്ടി പറഞ്ഞു.

Related posts

Leave a Comment