മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2025-26 സീസണ് അനിശ്ചിതത്വത്തില്‍ തുടരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പുതിയ സ്പോണ്‍സര്‍മാരെ അന്വേഷിച്ചു പരാജയപ്പെട്ടതോടെയാണിത്.
ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ലീഗ് റൗണ്ട് പൂര്‍ത്തിയാക്കിയതൊഴിച്ചാല്‍ 2025-26 സീസണില്‍ രാജ്യത്തെ ഫുട്ബോള്‍ നിര്‍ജീവമാണ്. കൊമേഴ്ഷ്യല്‍ റൈറ്റ്സിനായി ഇതുവരെ ആരുമെത്താത്ത പശ്ചാത്തലത്തില്‍ ഐഎസ്എല്ലിന്റെ ഭാവി തീരുമാനിക്കാന്‍ എഐഎഫ്എഫ് സുപ്രീംകോടതിക്കു മുന്നിലെത്താനുള്ള നീക്കമാണ് നടക്കുന്നത്.
റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റും എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് പുതുക്കാത്ത പശ്ചാത്തലത്തിലാണ് 2025-26 സീസണ് ഐഎസ്എല്‍ മുടങ്ങിയിരിക്കുന്നതെന്നതാണ് വാസ്തവം. അനിശ്ചിതത്വം തുടരുന്നതിനിടെ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടങ്ങിയ ക്ലബ്ബുകളും പ്രവര്‍ത്തനം മരവിപ്പിച്ചു. ഈസ്റ്റ് ബംഗാള്‍ സാമ്പത്തിക സഹായത്തിനായി ബിസിസിഐയെ (ദ ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) സമീപിച്ചതായാണ് വിവരം.

