ഉറക്കെ കരഞ്ഞാല്‍പോലും ആരുമെത്തില്ലാത്ത വീട്ടില്‍ ശ്രീലത തനിയെ, നാട്ടുകാരോട് കാര്യമായ ബന്ധവുമില്ല, ഇത്തിത്താനം ശ്രീലതയുടെ മരണത്തില്‍ സര്‍വത്ര ദുരൂഹത!

lathaആരാണ് ഇത്തിത്താനത്ത് ഒറ്റയ്ക്ക് താമസിച്ച ശ്രീലതയെന്ന സ്ത്രീയെ കൊലപ്പെടുത്തിയത്. ഇത്തിത്താനം കുതിരപ്പടിക്കു സമീപം ശ്രീനിലയത്തില്‍ ശ്രീലത(50) തലക്കടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്നുറപ്പിച്ചു പോലീസ് അന്വേഷണം ശക്തമാക്കി. തലയുടെ ഉച്ചിയില്‍ തുരുമ്പിച്ച ഇരുമ്പ് വടികൊണ്ടുള്ള ആഴത്തിലുള്ള മുറിവാണു മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്.

ബിഎസ്‌സി കെമിസ്ട്രി ബിരുദധാരിയായ ശ്രീലത ആന്ധ്രപ്രദേശില്‍ കുറെക്കാലം താത്കാലിക അധ്യാപികയായി വിവിധ സ്കൂളുകളില്‍ ജോലി ചെയ്തിരുന്നു. ഇതിനിടയില്‍ ഇവര്‍ രണ്ട് വിവാഹം കഴിച്ചു. ആദ്യത്തെയാള്‍ വിവാഹമോചനം നടത്തുകയും രണ്ടാമത്തെയാള്‍ മരിച്ചതായുമാണ് ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ഇവര്‍ക്കു മക്കളില്ല. തികച്ചും ശാന്തസ്വഭാവക്കാരിയായ ഇവര്‍ സമീപവാസികളോടും നാട്ടുകാരോടും കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല.

നാലര വര്‍ഷം മുമ്പാണു ശ്രീലത ഇത്തിത്താനം കുതിരപ്പടിയിലുള്ള വീടും സ്ഥലവും വാങ്ങിയത്. 50 ലക്ഷം രൂപ മുടക്കി ഈ വീട് ഇവര്‍ വാങ്ങുന്നത്. മകളാണ് ശ്രീലതയ്ക്കായി വീട് വാങ്ങി നല്കിയത്. നാട്ടില്‍ അവധിക്കു വരുന്ന സമയത്തു മാത്രമാണ് ഇവര്‍ ഈ വീട്ടില്‍ താമസിക്കാറുള്ളത്. ഇരുനൂറു മീറ്റര്‍ അകലെ മാത്രമാണ് അയല്‍വാസികളുള്ളത്. അയല്‍വാസികളുമായി യാതൊരു ബന്ധവുമില്ലതാനും. ഒന്നുറക്കെ വിളിച്ചാല്‍പോലും വിളി കേള്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥ. സെപ്റ്റംബര്‍ 22ന് നാട്ടിലെത്തിയ ശ്രീലത ജോലിസ്ഥലത്തേക്കു മടങ്ങിപ്പോയില്ലെന്നും പോലീസ് പറഞ്ഞു.

അതേസമയം, കൊലപാതകമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയത്തുനിന്നുള്ള ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തു പരിശോധന നടത്തി. വീടിന്റെ സമീപത്തുള്ള പുരയിടത്തിലെ പ്ലാവിന്റെ ചുവട്ടില്‍ നിന്നു പോലീസ് കണ്ടെടുത്ത തോര്‍ത്തില്‍നിന്നു ഗന്ധം പിടിച്ചാണു ട്രാക്കര്‍ ഇനത്തിലുള്ള ജില്‍ എന്ന പോലീസ് നായ തെരച്ചില്‍ നടത്തിയത്. നായ സമീപത്തെ റബര്‍ തോട്ടത്തിലൂടെ ഓടി റോഡിലിറങ്ങി സമീപത്തെ മറ്റൊരു പുരയിടത്തിലൂടെ കയറി ഇരുനൂറു മീറ്ററോളം ഓടി മരച്ചീനികള്‍ക്കിടയിലാണു നിന്നത്. ഫോറന്‍സിക് വിദഗ്ധര്‍ മുറിയില്‍നിന്നു രക്തത്തിന്റെയും തോര്‍ത്തില്‍ കണ്ട നീളമുള്ള തലമുടിയുടെയും മറ്റും സാമ്പിളുകള്‍ ശേഖരിച്ചു ലാബിലേക്കയച്ചു.

വെള്ളി, ശനി ദിവസങ്ങളില്‍ ശ്രീലതയുടെ വീടിന്റെ ഭാഗത്തേക്കു പോയ വാഹനങ്ങളുടെ ചിത്രങ്ങള്‍ പതിയാന്‍ സാധ്യതയുള്ള കാമറകളും പോലീസ് പരിശോധിച്ചുവരികയാണ്. ഒറ്റയ്ക്കു വീട്ടില്‍ താമസിച്ചിരുന്ന ശ്രീലതയെ ഞായറാഴ്ച രാത്രി ബെഡ്‌റൂമിലെ കട്ടിലിലാണു രക്തം വാര്‍ന്നൊഴുകി മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നും വെള്ളിയാഴ്ച ഉച്ചയോടെയാകും ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണു പോലീസിന്റെ നിഗമനം. സ്വര്‍ണ കമ്മലുകളും വളകളും മേതിരവും പാദസ്വരങ്ങളും ശ്രീലതയുടെ മൃതദേഹത്തിലുണ്ടായിരുന്നതിനാല്‍ കൊലപാതകത്തിനു പിന്നില്‍ മോഷണ ലക്ഷ്യമില്ലെന്നും പോലീസ് കരുതുന്നു.

Related posts