മലപ്പുറം: താനൂർ അഞ്ചുടിയിൽ ഇസ്ഹാഖ് എന്ന യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ ബന്ധിപ്പിക്കുന്ന പ്രചാരണം ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
തീരദേശ ലോക്കൽ കമ്മിറ്റി അംഗം അലവിക്കുട്ടിയുടെ മക്കളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പി. ജയരാജൻ ഒരാഴ്ച മുന്പ് താനൂരിൽ വന്നത്. സുരക്ഷയുള്ള വ്യക്തി എന്ന നിലയിൽ പോലീസിനെ മുൻകൂട്ടി അറിയിച്ചാണ് അദ്ദേഹം എത്തിയത്.
വിവാഹശേഷം മടങ്ങുന്പോൾ താനൂരിലെ പാർട്ടി പ്രവർത്തകരുടെ നിർബന്ധപൂർണമായ അപേക്ഷയനുസരിച്ചാണ് അദ്ദേഹം മുന്പ് അക്രമത്തിൽ പരിക്കേറ്റ ഷംസുവിനെയും അഫ്സൽ ഉണ്യാലിനെയും വീട്ടിൽ പോയി കണ്ടു ആശ്വസിപ്പിച്ചത്. നേരത്തെ താനൂർ പ്രദേശത്ത് സംഘർഷം ഉണ്ടായപ്പോഴെല്ലാം സിപിഎം ജില്ലാ നേതൃത്വം സമാധാനമുണ്ടാക്കാൻ ആത്മാർഥമായി പ്രവർത്തിച്ചിട്ടുണ്ട്.
ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം തന്നെ അംഗീകരിക്കുന്നതാണ്. അത്തരം സമാധാന ശ്രമങ്ങളോട് ലീഗ് സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ സ്വീകരിച്ച പക്വതയാർന്നതും ആത്മാർഥവുമായ നിലപാടുകൾ കൊണ്ടുകൂടിയാണ് പ്രദേശത്ത് വളരെക്കാലമായി സമാധാനം നിലനിന്നത് എന്നതും പാർട്ടിക്ക് ഉത്തമബോധ്യമുണ്ട്.
തികച്ചും വ്യക്തിപരമായ മുൻവൈരാഗ്യം കാരണം ഇപ്പോൾ നടന്ന കൊലപാതകത്തെ ശക്തമായ ഭാഷയിൽ പാർട്ടി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശനമായ നടപടിയെടുത്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ലീഗിന്റെ സംസ്ഥാന, ജില്ലാ നേതൃത്വത്തിനുതന്നെ ബോധ്യമുള്ളതുമാണ്.
വസ്തുതകൾ ഇതായിരിക്കെ പാർട്ടിക്ക് ഒരു ബന്ധവുമില്ലാത്ത കൊലപാതകവുമായി സംസ്ഥാന കമ്മിറ്റി അംഗത്തെ കൂട്ടിക്കെട്ടി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നവർ അതിൽനിന്നു പിന്മാറണമെന്നും ഇ.എൻ മോഹൻദാസ് ആവശ്യപ്പെട്ടു.