എന്റെയാ കരച്ചിലൊന്നും പെറ്റതള്ള സഹിക്കൂല്ലെന്ന് അറിയാം! സ്വന്തം സിനിമകള്‍ വീണ്ടും കാണുമ്പോഴാണ് അതൊക്കെ മനസിലാവുന്നത്; ആദ്യകാല സിനിമാനുഭവങ്ങളുമായി ജയസൂര്യ

വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു നടനെന്ന നിലയില്‍ പലതും പലര്‍ക്കും സ്വയം പഠിക്കാനുണ്ടാവുമെന്ന് ജയസൂര്യ. തന്റെ തന്നെ പഴയ സിനിമകള്‍ കാണുമ്പോള്‍ തനിക്കത് തോന്നാറുണ്ടെന്നും ജയസൂര്യ പറഞ്ഞു. ഹിറ്റുകളില്‍ നിന്ന് ഹിറ്റുകളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ജയസൂര്യ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പുലിവാല്‍ കല്യാണമൊക്കെ ഇപ്പോള്‍ കാണുമ്പോള്‍ എനിക്ക് തന്നെ അറിയാം, അതിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കൂല്ല.. അത്രയ്ക്ക് ബോറായിരുന്നല്ലോ. അതില്‍ ഞാനൊരു കത്ത് വായിക്കുന്ന സീനുണ്ട്. സംവിധായകന്‍ ഷാഫിക്ക പറഞ്ഞു ‘ജയാ ടേക്ക് പോകാം’. ഞാനിങ്ങനെ കത്തു വായിക്കുന്നു, സങ്കടം വരുന്നു. അതാണ് സീന്‍. ഷാഫിക്ക പറഞ്ഞു, ‘ജയാ ഒന്നും വന്നില്ലല്ലോ മുഖത്ത്’. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജയസൂര്യ പറഞ്ഞതിങ്ങനെ..’എനിക്കറിയില്ല. അത് ഹീറോയിന്‍സ് പറയുന്നതല്ലേ? ഹീറോ എന്ന നിലയില്‍ എനിക്ക് അറിയില്ല’.

ആദ്യ പടം ഊമപെണ്ണിന് ഉരിയാടാപയ്യനില്‍ തന്നെ അപകടം പറ്റി. അന്ന് ഫനീഫ്ക്കയാണ് കൂടെ. ഫുള്‍ ആവേശമാണ്. ആ സിനിമയില്‍ പരസ്യഹോര്‍ഡിംഗില്‍ പെയിന്റ് ചെയ്യുന്ന കഥാപാത്രമാണ്. വിനയന്‍ സാര്‍ പറഞ്ഞു, ചാടുന്ന ഷോട്ടാ, ഡ്യൂപ്പിനെ വിളിക്കാം. ഞാന്‍ പറഞ്ഞു, വേണ്ട സര്‍ ഞാന്‍ ചാടിക്കോളാം. ചാടി. കാലൊടിഞ്ഞു ആറ് മാസത്തെ റസ്റ്റ് പറഞ്ഞിരുന്നു എന്റെ ഭാഗ്യത്തിന് 20 ദിവസം കൊണ്ട് ശരിയായി. ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ കാലൊടിഞ്ഞ് കിടക്കുകയായിരുന്നല്ലോ. അതില്‍ പിന്നെ എഴുന്നേറ്റ് അഭിനയിക്കേണ്ടായിരുന്നല്ലോ. ജയസൂര്യ പറയുന്നു.

 

Related posts