മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നെ ഒരു പാഠം പഠിപ്പിച്ചു, സത്യം വിളിച്ചു പറയാതെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടരുതെന്ന പാഠം! തന്റെ ഭാവി പദ്ധതികള്‍ വെളിപ്പെടുത്തി ഗോരഖ്പൂരിലെ ഡോ കഫീല്‍ ഖാന്‍

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഡോ കഫീല്‍ ഖാന്‍. സംഭവത്തില്‍ തന്നെ ബലിയാടാക്കുകയായിരുന്നെന്നും നിസ്വാര്‍ത്ഥ സേവനമാണ് താന്‍ ലക്ഷ്യമിട്ടതെന്നും കഫീല്‍ ഖാന്‍ ആവര്‍ത്തിച്ചു.

തന്നെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി ഗൊരഖ്പൂരില്‍ തുടങ്ങുമെന്നും ഡോ.കഫീല്‍ ഖാന്‍ വ്യക്തമാക്കി. ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലയ്ക്കുമെന്ന കാര്യം 19 തവണ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും കഫീല്‍ ഖാന്‍ ഡല്‍ഹിയില്‍ വെളിപ്പെടുത്തി.

സംഭവത്തില്‍ ചികിത്സാപ്പിഴവ് വരുത്തിയെന്നാരോപിച്ച് യു.പി പോലീസ് അറസ്റ്റ് ചെയ്ത ശിശുരോഗ വിദഗ്ദന്‍ ഡോ. കഫീല്‍ ഖാന്‍ ഇപ്പോഴും നിയമപോരാട്ടത്തിലാണ്. എട്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് ജാമ്യം പോലും ലഭിച്ചത്.

പലസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ തന്നെ അവരുടെ നാട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഞാന്‍ ഗൊരഖ്പൂരില്‍ തന്നെ ഉണ്ടാകും. എന്നെ സര്‍വ്വീസില്‍ തിരിച്ചെടുത്തില്ലെങ്കില്‍ ഗൊരഖ്പൂരില്‍ തന്നെ കുട്ടികള്‍ക്കായി അഞ്ഞൂറ് കിടക്കയുള്ള ആശുപത്രി തുടങ്ങും.

പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും. ഡോക്ടര്‍മാരുടെ കുറവോ മരുന്നിന്റെ കുറവോ ആ ആശുപത്രിയില്‍ ഉണ്ടാകില്ല. കേരളത്തില്‍ നിന്നടക്കം തനിക്ക് പിന്തുണയുണ്ടെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ രക്ഷിതാക്കളും കാണാനെത്തി. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച ബോധ്യമുണ്ടായിട്ടും സഹപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം കേട്ട് ഒളിവില്‍ പോയതാണ് അബന്ധമായത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നെ ഒരു പാഠം പഠിപ്പിച്ചു. സത്യം വിളിച്ചു പറയാതെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടരുതെന്ന പാഠം – അദ്ദേഹം പറഞ്ഞു.

 

Related posts