മാലദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികളെ എത്തിച്ച് കേരളത്തെ വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കുന്നത് ഭൂഷണമോ ? മന്ത്രി കെടി ജലീലിന്റെ പ്രഖ്യാപനം വന്‍വിവാദത്തിലേക്ക്; രാജ്യ സുരക്ഷയെ ബാധിക്കുമെന്ന് വിമര്‍ശനം…

തിരുവനന്തപുരം: മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. മന്ത്രിയുടെ പ്രഖ്യാപനം ഇതിനോടകം വന്‍വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പ്രധാനമായും മാലദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ പ്രസ്താവന. ”മാലദ്വീപില്‍ നിന്ന് ചികിത്സയ്ക്കായി നിരവധി പേര്‍ കേരളത്തിലെത്തുന്നു. പഠിക്കാന്‍ ആരും എന്താണ് വരാത്തത്? ഏത് രാജ്യക്കാര്‍ക്കും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തി പഠിക്കാന്‍ കേരളത്തില്‍ മാത്രമാണ് അവസരമുള്ളത്.- ഇങ്ങനെയായിരുന്നു ജലീലിന്റെ വാക്കുകള്‍.

എന്നാല്‍ ഇക്കാര്യത്തില്‍ വലിയ പ്രശ്‌നങ്ങളാണ് ഉന്നത വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ഇന്ത്യയുടെ ദക്ഷിണ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ രാജ്യമായ മാലദ്വീപ് ഇന്ത്യയ്ക്ക് സുരക്ഷാഭീഷണിയാണെന്നതാണ്. മറ്റൊന്ന് വിദേശ വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാരിന് മാത്രമായി കൊണ്ടുവരാനാവില്ല. അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നതാണ്. ഇതിനെല്ലാം പുറമെ എഡ്യൂക്കേഷന്‍ ഹബ്ബ് ആക്കാനുള്ള ശ്രമമെന്ന പേരില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കോഴ്സുകള്‍ അനുവദിച്ച് നല്‍കാനുള്ള കുതന്ത്രമാണ് ജലീല്‍ പയറ്റുന്നതെന്നാണ് ആക്ഷേപം. സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ കൂടുതല്‍ കോഴ്സുകളും പുതിയ കോളേജുകളും വേണ്ടെന്ന ഇടതു സര്‍ക്കാരിന്റെ നയം അട്ടിമറിച്ച് അടുത്തിടെ ജലീല്‍ കൂടുതല്‍ കോളേജുകളും കോഴ്സുകളും അനുവദിച്ചിരുന്നു.

വിദേശവിദ്യാര്‍ത്ഥികളെത്തിയാല്‍ സ്വാശ്രയകോളേജുകളുടെ നിലവാരമുയരുമെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. പഠിക്കാന്‍ കുട്ടികളെ കിട്ടാതെ സ്വാശ്രയ കോളേജുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കാനാണ് വിദേശവിദ്യാര്‍ത്ഥികള്‍ക്ക് എന്‍ജിനീയറിങ് പഠനത്തിന് അനുമതി നല്‍കുന്നതെന്ന ന്യായവുമുണ്ട്. കുട്ടികളില്ലാതെ പതിനൊന്ന് എന്‍ജിനീയറിങ് ബാച്ചുകളും ഒരു എംബിഎ കോളേജും കഴിഞ്ഞവര്‍ഷം അടച്ചുപൂട്ടിയിരുന്നു. കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളുടെ ക്ലിയറന്‍സ് നേടുന്ന വിദേശ വിദ്യാര്‍ത്ഥികളെ മാത്രമേ എന്‍ജിനീയറിങ് കോളേജുകളില്‍ പ്രവേശിപ്പിക്കാനാവൂ. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐസിസിആര്‍) ആഭിമുഖ്യത്തിലാണ് വിദേശവിദ്യാര്‍ത്ഥികളെ കണ്ടെത്തുക. പാക്കിസ്ഥാന്‍, ഇറാന്‍, യെമന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണമുണ്ടാവും. ഇവരെ ഒരു കാരണവശാലും ഇന്ത്യയില്‍ പഠിക്കാന്‍ അനുവദിക്കില്ലെന്നിരിക്കെയാണ് ഏതു രാജ്യത്തെയും വിദ്യാര്‍ത്ഥികളെ മന്ത്രി ജലീല്‍ കേരളത്തിലേക്ക് ക്ഷണിക്കുന്നത്.

ഇന്ത്യയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെങ്കിലും ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയാണ്. മാലിദ്വീപ് വഴി രാജ്യത്തിന്റെ ദക്ഷിണമേഖലയില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയേക്കുമെന്ന് സേനാ ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ട്. മാലദ്വീപില്‍ ചൈനയുടെ അധീനതയിലുള്ള ചെറു ദ്വീപുകളില്‍ നിന്ന് കേരളത്തിലേക്ക് ആക്രമണം നടത്തിയേക്കുമെന്നാണ് സൂചന. മുസ്ലിം രാജ്യമായ മാലദ്വീപില്‍ പാക് സൈന്യത്തിന് വലിയ സ്വാധീനവുമുണ്ട്. പാക്കിസ്ഥാനുമായി ഉറ്റബന്ധം പുലര്‍ത്തുന്ന മാലദ്വീപ് കേരളത്തിന് തൊട്ടടുത്താണ്. ഈ അവസരത്തിലാണ് ജലീലിന്റെ കണ്ണുമടച്ചുള്ള പ്രഖ്യാപനം. എന്തായാലും സംഗതി നടക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം.

Related posts