കളമശേരി: കളമശേരിയിലെ ഗോഡൗൺ വളപ്പിൽനിന്ന് പോലീസ് കഞ്ചാവു ചെടി കണ്ടെത്തി. സീപോർട്ട്-എയർപോർട്ട് റോഡിനു സമീപം പൂജാരി വളവിൽ പ്രവർത്തിക്കുന്ന മരുന്നു കമ്പനിയുടെ വാടക കെട്ടിടത്തിനു സമീപത്തെ ചെടിക്കൂട്ടങ്ങൾക്കിടയിലാണ് കഞ്ചാവു ചെടി കണ്ടെത്തിയത്.
മൂന്നു മാസം പ്രായമുള്ളതാണ് ചെടി. രണ്ടു മാസം മുമ്പ് പ്രദേശമാകെ വൃത്തിയാക്കിയതാണെന്നും തനിക്കിതെക്കുറിച്ച് അറിയില്ലെന്നും കെട്ടിട ഉടമ പോലീസിനെ അറിയിച്ചു. സ്ഥാപനത്തിലെ എട്ടു ജീവനക്കാരിൽ രണ്ടു പേർ ഇതര സംസ്ഥാനക്കാരായതിനാൽ ഇവരെയും ചോദ്യംചെയ്തു.
ഗോഡൗണിനു സമീപം വിദ്യാർഥികൾ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലുമുണ്ട്. തൊട്ടടുത്ത കെട്ടിടങ്ങളുടെ വളപ്പുകളിലും പരിശോധന നടത്താൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.