അന്ന് കുറ്റപ്പെടുത്തിയവര്‍ക്ക് റണ്‍വേയുടെ നീളം ഒരിഞ്ച് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടില്ല! കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പരാതിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഉദ്ഘാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും സര്‍ക്കാര്‍ നടത്തി വരികയുമാണ്.

എന്നാല്‍ ഇപ്പോള്‍ പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നൊരു പരാതി കണ്ണൂര്‍ വിമാനത്താവളത്തിനായി തുടക്കം മുതല്‍ അധ്വാനിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിച്ചില്ല എന്നതാണ്. എന്നാല്‍ ഈയവസരത്തില്‍ ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഉമ്മന്‍ചാണ്ടി പറഞ്ഞ മറുപടിയാണ് അദ്ദേഹത്തെ വെറുക്കുന്നവര്‍ പോലും അത്ഭുതത്തോടെ വീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പരാതിയില്ല. 2016 ഫെബ്രുവരി 29ന് ആദ്യ വിമാനം കണ്ണൂരിലിറക്കിയത് റണ്‍വേ പൂര്‍ണ സജ്ജമാക്കിയശേഷമാണ്. അന്ന് സമരം ചെയ്ത ഇടതുപക്ഷത്തിന് റണ്‍വേയുടെ നീളം ഇതുവരെ ഒരിഞ്ച് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടില്ല.

ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് വിമാനത്താവള പദ്ധതി സുപ്രധാനമായ വഴികളെല്ലാം പിന്നിട്ടതെന്ന് മറന്നിട്ടാണോ അദ്ദേഹത്തെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് പോലും ക്ഷണിക്കാത്തതെന്നാണ് പലരും ചോദിക്കുന്നത്. മുമ്പ് കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിലും അതുതന്നെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അവസ്ഥ.

ക്ഷണക്കത്ത് പുറത്തുവന്നതോടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായത്. പ്രളയാനന്തര കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷ പരിപാടിയിലെ വേദിയിലേക്ക് ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കേണ്ടെന്ന തീരുമാനത്തിലാണ് സംഘാടകരായ കിയാല്‍. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എം.പി., എംഎല്‍എ, രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ എന്നിവര്‍ക്കാണ് വേദിയില്‍ സ്ഥാനം. ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചാല്‍ മുന്‍ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിക്കേണ്ടി വരുമെന്ന് കിയാല്‍ പറയുന്നു.

Related posts