കോട്ടയം: കഞ്ചാവ് മാഫിയയുടെ ശല്യത്താൽ പൊറുതി മുട്ടിയ പ്രവാസി വ്യവസായി തന്റെ സംരംഭം അടച്ചുപൂട്ടി തിരികെ പോകാനൊരുങ്ങുന്നു.
ഏറ്റുമാനൂര്‍ -നീണ്ടൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മൂക്കന്‍സ് മീന്‍ ചട്ടി റസ്റ്ററന്റ് ഉടമ ജോർജ് വർഗീസ് ആണ് റസ്റ്ററന്റിൽ കഞ്ചാവ് മാഫിയയുടെ ശല്യം മൂലം പ്രവർത്തിക്കാനാവാത്ത അവസ്ഥയിൽ സംരംഭം അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
നിലവിൽ മൂന്നു ഷെഫുകൾ അടക്കം 18 പേർക്കു നേരിട്ടു തൊഴിൽ നൽകുന്ന സ്ഥാപനമാണ് അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിയിരിക്കുന്നതെന്നു റസ്റ്ററന്റ് ഉടമ ഇല്ലത്തുപറമ്പില്‍ ജോര്‍ജ് വര്‍ഗീസ് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
അതിരന്പുഴ കോട്ടമുറി ഭാഗത്തുനിന്നെത്തുന്ന സംഘമാണ് റസ്റ്ററന്റിൽ പതിവായി പ്രശ്നമുണ്ടാക്കുന്നതെന്നാണ് ഉടമയുടെ പരാതി.
റസ്റ്ററന്റിൽ എത്തുന്നവരെ മർദിക്കുക, ഭീഷണിപ്പെടുത്തുക, വാഹനങ്ങൾ ആക്രമിക്കുക, ചീത്തവിളിക്കുക തുടങ്ങിയവ പതിവാണെന്നും ഇതുമൂലം ഫാമിലി ആയിട്ടു വരുന്നവരൊക്കെ വീണ്ടും റസ്റ്ററന്റിലേക്കു വരാൻ മടിക്കുകയാണെന്നും ജോർജ് പറഞ്ഞു.
സ്റ്റാഫിനെ ചീത്ത വിളിക്കുന്നതു മൂലം അവരിൽ പലരും ജോലി നിർത്തി പോകുകയാണ്. അയർലൻഡിൽ ബിസിനസ് നടത്തിയിരുന്ന താൻ നാട്ടിൽ ഒരു സംരംഭം തുടങ്ങണമെന്ന ലക്ഷ്യത്തോടെയാണ് എത്തിയതെങ്കിലും ഇപ്പോൾ പൂട്ടിപ്പോകേണ്ട അവസ്ഥയിലാണ്.
പോലീസിലും എക്സൈസിലും പരാതി നൽകിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തുന്നു.
സർക്കാർ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ പ്രഖ്യാപിക്കുന്പോൾ തങ്ങളെപ്പോലുള്ളവർക്കു സംരംഭങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള സാഹചര്യം കൂടി ഒരുക്കിത്തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.