നായികയാക്കി കാസ്റ്റ് ചെയ്ത ഉടനേ തന്നെ ഫോണില്‍ മെസേജുകള്‍ വന്നു തുടങ്ങി, പിന്നീട് കോളുകളും വന്നു! മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ വെളിപ്പെടുത്തലുമായി നടി കനി കുസൃതി

വ്യത്യസ്തമായ അഭിനയരീതികൊണ്ടും അഭിനയവുമായി ബന്ധപ്പെട്ട് എടുക്കുന്ന ചില നിലപാടുകള്‍ കൊണ്ടും എല്ലാവരില്‍ നിന്നും വ്യത്യസ്തയാണ് നടി കനി കുസൃതി. നിരവധി വിവാദങ്ങള്‍ കനിയുമായി ബന്ധപ്പെട്ട് പുറത്തു വന്നിട്ടുണ്ടെങ്കിലും സിനിമയില്‍ നിന്ന് മോശം അനുഭവം നേരിട്ടതായി തുറന്നു പറച്ചിലുമായാണ് കനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അടുത്ത കാലങ്ങളില്‍ സിനിമാ ലോകത്തെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള നടിമാരില്‍ അടുത്ത ആളാവുകയാണ് കനി കുസൃതി.

ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കനി ഇക്കാര്യം തുറന്നു പറഞ്ഞത്. മലയാള സിനിമയില്‍ നിന്നും തമിഴില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒരു സിനിമയില്‍ നായികയായി കാസ്റ്റ് ചെയ്തതിന് ശേഷം തന്നെ മാറ്റിയെന്നുമാണ് കനി വെളിപ്പെടുത്തിയത്. കനിയുടെ വാക്കുകളിങ്ങനെ…

‘എന്നെ അപമാനിച്ചയാളുടെ പേര് പറയേണ്ട എന്നത് എന്റെ എത്തിക്‌സാണ്. ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ് ചെയ്തു. രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. പിന്നെ കോള്‍ വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ രാവിലെ പത്തു മണിക്ക് സംസാരിക്കാം എന്ന് പറഞ്ഞു. രാത്രിയുള്ള കോളുകള്‍ക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു.

പിന്നെ കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തില്‍ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല. എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ല. ഇന്‍ഡസ്ട്രിയില്‍ നല്ല ആള്‍ക്കാരുമുണ്ട്. സ്‌കൂള്‍ കഴിഞ്ഞ കാലത്ത് തന്നെ സിനിമയില്‍ അവസരം വരുമായിരുന്നു. അന്ന് ലാന്‍ഡ്ഫോണില്‍ വിളിച്ച് സംവിധായകന് കുറച്ച് അഡ്ജസ്റ്റ്‌മെന്റ് വേണം എന്നൊക്കെ പറയുമ്പോള്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാകുക പോലും ഇല്ലായിരുന്നു. സിനിമ എന്ന് കേട്ടാല്‍ തന്നെ പേടിയായിരുന്നു’. കനി പറഞ്ഞു.

Related posts