തളിപ്പറമ്പ്: മലപ്പട്ടത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം തളിപ്പറമ്പിലേക്ക് പടരുന്നു. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റായ എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ ഒരു സംഘം അക്രമം നടത്തി. കാറും സ്കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി 11.40 നായിരുന്നു സംഭവം.
ഇര്‍ഷാദിന്റെ തൃച്ചംബരത്തെ വീടിന് നേരെയാണ് അക്രമം നടന്നത്. വീട്ടിലേക്ക് മൂന്ന് ബൈക്കുകളിലായി എത്തിയ ഏഴ് സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇര്‍ഷാദിന്റെ ഉപ്പ കെ.സി മുസ്തഫയുടെ കാറും സ്കൂട്ടറുമാണ് തകര്‍ത്തത്. ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് തളിപ്പറന്പ് പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം മലപ്പട്ടത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പദയാത്രയില്‍ ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യം മുഴക്കിയ സംഘത്തില്‍ ഇര്‍ഷാദും ഉണ്ടായിരുന്നതായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം അക്രമമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വി. രാഹുല്‍ ആരോപിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി.