സിംഗപ്പുർ: വിചിത്ര ഭക്ഷണരീതികളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള സിംഗപ്പുർ സ്വദേശിയാണു കാൾവിൻ ലീ. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയതായി ഇദ്ദേഹം അവതരിപ്പിച്ച വിഭവം വൈറലായി. “ബോയിൽഡ് ലോക്കർ വേഫേഴ്സ്’എന്ന പുതിയ ഐറ്റവുമായാണ് ലീയുടെ വരവ്. ഇതു തയാറാക്കുന്നതിന്റെ വീഡിയോയും ലീ പങ്കുവച്ചു.
വേഫർ, കണ്ടൻസ്ഡ് മിൽക്ക്, ചോക്ലേറ്റ് എന്നിവ ഉപയോഗിച്ചാണ് മധുരവിഭവം തയാറാക്കുന്നത്. ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ പഞ്ചസാര ചേർത്ത വെള്ളമൊഴിച്ച പാനിലേക്ക് വേഫർ പായ്ക്കറ്റ് പൊട്ടിച്ച് ഇടുന്നു.
തുടർന്ന് കണ്ടൻസ്ഡ് മിൽക്കും ചോക്ലേറ്റും ചേർത്ത് ചെറിയ തീയിൽ ചൂടാക്കുന്നു. കട്ടപിടിക്കാതിരിക്കാൻ മൃദുവായി ഇളക്കുന്നു. തിളച്ചശേഷം ചെറിയ ബൗളിലേക്ക് ഒഴിക്കുന്നു. “ബോയിൽഡ് ലോക്കർ വേഫേഴ്സ്’ തയാർ.
പുതിയ വിഭവം എല്ലാവരും രുചിച്ചുനോക്കണമെന്നു ലീ അഭ്യർഥിച്ചു. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ എത്തി.