ഒരു ദിവസം പെട്ടെന്ന് സംസാരശേഷി നഷ്ടമായി ! ഒടുവില്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നാള്‍ തിരികെ കിട്ടി; കോളനിമൂപ്പത്തി കാരിച്ചിയമ്മ എന്ന 75 കാരി വൈദ്യശാസ്ത്രത്തിനു പോലും അദ്ഭുതം

വെള്ളരിക്കുണ്ട്: കമ്മാടക്കോളനിയിലെ കോളനി മൂപ്പത്തി കാരിച്ചിയമ്മ വൈദ്യശാസ്ത്രത്തിനു പോലും ഇപ്പോള്‍ വിസ്മയമാണ്. 20 വര്‍ഷത്തിനു മുമ്പ് ഒരു ദിവസം പെട്ടെന്നായിരുന്നു കാരിച്ചിയമ്മയ്ക്ക് സംസാരശേഷിയും കാഴ്ചയും നഷ്ടമായത്.

എന്നാല്‍ രണ്ടു ദശകങ്ങള്‍ക്കിപ്പുറമുള്ള കാരിച്ചിയമ്മയുടെ നാവ് ശബ്ദിച്ചുവെന്ന വാര്‍ത്തയാണ് കമ്മാടക്കോളനി നിവാസികള്‍ കേള്‍ക്കുന്നത്. വിവരം വ്യാപിച്ചതോടെ നാട്ടുകാര്‍ ഇവര്‍ താമസിച്ചിരുന്ന മലമുകളിലെ വീട്ടിലേക്കോടി.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇളയമകള്‍ ശാന്ത സംസാരശേഷി നഷ്ടപ്പെട്ടു എന്ന് കരുതിയ മാതാവ് മൂളിപ്പാട്ട് പാടുന്നത് കേട്ടുകൊണ്ടായിരുന്നു എഴുന്നേറ്റത്. ഇത്രയും കാലം മിണ്ടാതിരുന്ന അമ്മ നാടന്‍പാട്ടും കഥകളും പറയാന്‍ തുടങ്ങിയതോടെ അവര്‍ക്ക് വിസ്മയമായി. തുടര്‍ന്നായിരുന്നു സംഭവം മലയോരത്ത് വാര്‍ത്തയായി മാറിയത്.

ഇപ്പോള്‍ സമീപവാസികള്‍ കാരിച്ചിയമ്മയെ കാണാനായി വീട്ടിലേക്ക് എത്തുകയാണ്. ഇത്രയും കാലം എന്താണ് മിണ്ടാതിരുന്നതെന്ന ചോദ്യത്തിന് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല എന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി.

ഇപ്പോള്‍ വരുന്നവരോട് സംസാരിക്കുകയും അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയുമാണ് കാരിച്ചിയമ്മ ചെയ്തു കൊണ്ടിരിക്കുന്നത്. നാടന്‍പാട്ടുകള്‍ പാടുകയും കഥപറയുകയുമൊക്കെ ചെയ്യുന്നുണ്ട്.

75 കാരിയായ കാരിച്ചിയമ്മ വീണ്ടും സംസാരിച്ചത് പോലെ തന്നെ പെട്ടെന്ന് ഒരു ദിവസമായിരുന്നു സംസാരിക്കല്‍ നിര്‍ത്തിയതും. ക്രമേണ കാഴ്ചശക്തിയും ഇല്ലാതാകുകയായിരുന്നു. പരസഹായം കൂടാതെ വെളിയില്‍ പോലും ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയും വന്നിരുന്നു. ഭര്‍ത്താവ് പുങ്ങംചാല്‍ കുഞ്ഞിക്ക നാലു വര്‍ഷം മുമ്പായിരുന്നു മരണമടഞ്ഞത്.

Related posts