കർണാടകയിൽ ‘റിസോർട്ട് ’ പൊളിറ്റിക്സ്; അഞ്ചു കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിൽ

നിയാസ് മുസ്തഫ
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തൊ​ട്ടു​മു​ന്പിൽ എത്തിയ​തോ​ടെ ക​ർ​ണാ​ട​ക രാ​ഷ്‌‌​ട്രീ​യം തി​ള​ച്ചു മ​റി​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് ക​ർ​ണാ​ട​ക​ത്തി​ലെ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ സ​ർ​ക്കാ​രി​നെ വ​ലി​ച്ചു താ​ഴെ​യി​ടാ​നു​ള്ള അ​ട​വു​ക​ളാ​ണ് ബി​ജെ​പി ഇ​പ്പോ​ൾ പ​യ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇതുവഴി ദക്ഷിണേന്ത്യയിൽ കോൺ ഗ്രസിന്‍റെ ആത്മവിശ്വാസം ഇല്ലാതാക്കാൻ ബിജെപിക്കാകും.

അ​ഞ്ച് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാരെ കാ​ണാ​നി​ല്ലെ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ വ​രു​ന്ന വിവരം. മൂ​ന്ന് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ബി​ജെ​പി പാ​ള​യ​ത്തി​ൽ എ​ത്തി​യ​താ​യി മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. മ​ഹാ​രാ​ഷ്‌‌​ട്ര സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ മു​ംബൈ​യി​ലെ റി​സോ​ർ​ട്ടി​ൽ ബി​ജെ​പി ചെ​ല​വി​ൽ മൂന്ന് എംഎൽഎമാരെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി, ആ​ന​ന്ദ് സിം​ഗ്, ബി. ​നാ​ഗേ​ന്ദ്ര എ​ന്നി​വ​രാ​ണ് ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി​യ​ത്. അ​ടു​ത്തി​ടെ മ​ന്ത്രിസ​ഭാ പു​ന​ഃസം​ഘ​ട​ന വ​ന്ന​പ്പോ​ൾ ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി​ക്ക് സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇദ്ദഹത്തിന്‍റെ നേതൃത്വത്തിൽ വിമത പ്രവർത്തനം തുടങ്ങിയത്.

എ​ന്നാ​ൽ ഈ ​മൂ​ന്ന് എം​എ​ൽ​എ​മാ​രെ​ക്കൂ​ടാ​തെ ഉ​മേ​ഷ് ജാ​ദ​വ്, ബി.​സി പാ​ട്ടീ​ൽ എ​ന്നീ ര​ണ്ട് എം​എ​ൽ​എ​മാ​രെ​ക്കൂ​ടി കാ​ണാ​നി​ല്ലെ​ന്നാ​ണ് പു​തി​യ വി​വ​രം. ഇ​വ​രും ബി​ജെ​പി പാ​ള​യ​ത്തി​ൽ പോ​യ​താ​യി സൂ​ച​ന​യു​ണ്ട്. ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ലെ അ​വ​സ്ഥ സ​ങ്കീ​ർ​ണ​മാ​യ​തോ​ടെ ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യി​ട്ടു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

കോൺഗ്രസ് അവരുടെ ഒരു ഗുമസ്തനെപ്പോലെയാണ് തന്നെ കാണുന്നതെന്ന് മുഖ്യമന്ത്രി കുമാരസ്വാമി അടുത്തിടെ പറഞ്ഞ തോടെയാണ് കോൺഗ്രസ്-ജെഡിഎസ് ബന്ധത്തിലെ വിള്ളൽ പരസ്യമായത്. മൂന്നാംകിട പാർട്ടിയായി ജെഡിഎസിനെ കാണ രുതെന്നും അദ്ദേഹം കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു.

കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് ബ​ന്ധ​ത്തി​ലെ വി​ള്ള​ലു​ക​ൾ പ​ര​സ്യ​മാ​യ​തോ​ടെ​യാ​ണ് ബി​ജെ​പി ക​ർ​ണാ​ട​ക​യി​ൽ ക​ളം മാ​റ്റി ച​വി​ട്ടു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ സ​ർ​ക്കാ​രി​നെ താ​ഴെ​യി​ടാ​ൻ ശ്ര​മി​ക്കേ​ണ്ട എ​ന്നാ​യി​രു​ന്നു ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ സ​ർ​ക്കാ​രി​ൽ അ​സം​തൃ​പ്ത​രാ​യ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ തങ്ങളുടെ പാ​ള​യ​ത്തി​ൽ എ​ത്തി​യ​തോ​ടെയാ​ണ് സ​ർ​ക്കാ​രി​നെ മ​റി​ച്ചി​ടാ​നു​ള്ള ‘ഒാ​പ്പ​റേ​ഷ​ൻ താ​മ​ര’ ബി​ജെ​പി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തേ​സ​മ​യം ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​രെ കോൺഗ്രസും ജെഡിഎസും ചാ​ക്കി​ട്ടു പി​ടി​ക്കു​മോ​യെ​ന്ന് ബി​ജെ​പി​യും ഭ​യ​ക്കു​ന്നു. ഡൽഹിയിൽ നടന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ പങ്കെ ടുക്കാനെത്തിയ ബി​ജെ​പി എം​എ​ൽ​എ​മാ​രെ ഗു​ഡ്ഗാ​വി​ലെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ഇപ്പോൾ. ഈ ​വി​വ​രം ബി​ജെ​പി ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​ൻ ബിഎസ് യെദിയൂരപ്പ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

എം​എ​ൽ​എ​മാ​ർ കു​റ​ച്ചു ദി​വ​സം ഗു​ഡ്ഗാ​വി​ൽ താ​മ​സി​ക്ക​ട്ടെ, അ​ത് അ​വ​രു​ടെ ഇ​ഷ്ട​മാ​ണ്, എം​എ​ൽ​എ മാ​ർ ചാ​ടി​പ്പോ​കു​മെ​ന്ന് ത​ങ്ങ​ൾ ഭ​യ​ക്കു​ന്നി​ല്ലെ​ന്നും യെ​ദിയൂര​പ്പ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ബി​ജെ​പി​യു​മാ​യി ഉ​ട​ക്കി നി​ൽ​ക്കു​ന്ന അ​ഞ്ച് എം​എ​ൽ​എ​മാ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​രാ​ൻ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു വ​ന്നി​ട്ടു​ണ്ടെ​ന്ന് ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ദി​നേ​ശ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു. ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി എം​എ​ൽ​എ​മാ​രെ ഗു​ഡ്ഗാ​വി​ലെ റി​സോ​ർ​ട്ടി​ലേ​ക്ക് ബി​ജെ​പി നേ​തൃ​ത്വം മാ​റ്റി​യ​ത്.

എ​ന്നാ​ൽ ഭ​ര​ണ​ത്തി​ൽ പ്ര​തി​സ​ന്ധി വ​രി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ഉ​ട​ൻ തി​രി​ച്ചെ​ത്തു​മെ​ന്നും അ​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ച്ച് ഡി ​കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. സ​ഖ്യ സ​ർ​ക്കാ​രി​നെ ത​ക​ർ​ക്കാ​ൻ ബി​ജെ​പി​ക്ക് ആ​വി​ല്ലെ​ന്നും അ​ഞ്ചു​വ​ർ​ഷം സ​ർ​ക്കാ​ർ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​രെ ചാ​ക്കി​ട്ടു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സും ജെ​ഡി​എ​സും ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ബി​എ​സ് യെ​ദിയൂര​പ്പ വ്യക്തമാക്കി യിട്ടുണ്ട്. ക​ർ​ണാ​ട​ക​യി​ൽ 224 അം​ഗ സം​ഖ്യ​യി​ൽ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ന് 120 എം​എ​ൽ​എ​മാ​രു​ണ്ട്. ബി​ജെ​പി​ക്ക് 104 എം​എ​ൽ​എ​മാ​രും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് കോ​ൺ​ഗ്ര​സും ജെ​ഡി​എ​സും ഒ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ വ​ന്ന​പ്പോ​ൾ ജെ​ഡി​എ​സി​ന് കോ​ൺ​ഗ്ര​സ് പി​ന്തു​ണ ന​ൽ​കി സ​ർ​ക്കാ​രു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.

Related posts