ഇത് ബ്രിട്ടീഷ് പ്രഭുപത്‌നിയുടെ ഇരട്ട! വസ്ത്രധാരണം മുതല്‍ പേരുവരെ ഒരുപോലെ; കേറ്റ് മിഡില്‍ടണെ അനുകരിക്കുന്ന പെണ്‍കുട്ടിക്ക് സോഷ്യല്‍മീഡിയയില്‍ ആരാധകരേറുന്നു


മനസുകൊണ്ട് നാം ആരാധിക്കുന്നവരെ അനുകരിക്കുക എന്നത് ആളുകളുടെ ശീലമാണ്. ഇത്തരത്തില്‍ ബ്രിട്ടീഷ് രാജകുമാരനായ വില്ല്യത്തിന്റെ ഭാര്യ കേറ്റിനോടുള്ള ആരാധന മൂത്ത് അവരെ അനുകരിക്കുകയാണ് കേറ്റ് എന്നുതന്നെ പേരായ ഒരു പെണ്‍കുട്ടി. എന്നാല്‍ അമിതമായ ആരാധന മൂത്ത് ചില ആളുകള്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്കുവരെ മുതിരുന്നതുപോലെയൊന്നുമല്ലിത്. മിഡില്‍ടണെ അവരുടെ വേഷവിധാനങ്ങളിലാണ് ഈ കേറ്റ് അനുകരിക്കുന്നത്. മിഡില്‍ടണ്‍ ധരിക്കുന്ന ഓരോ വേഷവും അണുവിട വ്യത്യാസമില്ലാതെ അതേപടി അനുകരിക്കുക എന്നതാണ് ഈ പെണ്‍കുട്ടിയുടെ ഹോബി. തന്റെ ഒഴിവുസമയങ്ങളും പണവും ഇവള്‍ ചെലവഴിക്കുന്നത് കേറ്റ് ധരിക്കുന്നതിന് സമാനമായ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങുന്നതിനാണ്. ഇബെയ്‌ലൂടെയും തയ്യല്‍ക്കാരുടെയും സഹായത്തോടെയാണ് കേറ്റ് രാജകുമാരിയുടേതിന് സമാനമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

എന്നാല്‍ കേറ്റിന്റെ വസ്ത്രങ്ങളുടെ അതേ മൂല്യമുള്ള വസ്ത്രങ്ങളല്ല ഈ കേറ്റ് തെരഞ്ഞെടുക്കുന്നത്. കാരണം രാജകുമാരിയെ അനുകരിച്ച് തന്റെ പേഴ്‌സ് കാലിയാവരുതല്ലോ. മിഡില്‍ടണിന്റെ ഇഷ്ട ബ്രാന്‍ഡുകളില്‍ പലതും വന്‍ ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്ന വിതരണക്കാരെ കേറ്റിനറിയാം. മിഡില്‍ടണെ അനുകരിച്ചുകൊണ്ടുള്ള തന്റെ ഫോട്ടോകള്‍ പോസ്റ്റു ചെയ്യുന്നതിനായി ഒരു ബ്ലോഗും കേറ്റ് തുറന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും കേറ്റിന് ധാരാളം ഫോളോവേഴ്‌സ് ഉണ്ട്. രാജകുമാരിയെ അനുകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കേറ്റിനുമുണ്ട് ഇപ്പോള്‍ ഒരുപറ്റം ആരാധകര്‍.

Related posts