നെന്മാറ (പാലക്കാട്): കരിമ്പാറ കൽച്ചാടിയിൽ കാട്ടാന വീണ്ടും കൃഷിയിടത്തിലെത്തി. കഴിഞ്ഞരാത്രി എത്തിയ കാട്ടാനകൾ പ്ലാവുകൾ തള്ളിയിട്ട് തടിയിലെ തൊലി പൂർണമായും അടർത്തി തിന്നു.
കർഷകനായ എം. അബ്ബാസിന്റെ കൃഷിയിടത്തിലായിരുന്നു കാട്ടാനുടെ വിളയാട്ടം. ആദ്യമായാണ് പ്ലാവിന്റെ തൊലി അടർത്തി കാട്ടാനകൾ തിന്നുകാണുന്നതെന്ന് കർഷകർ പറഞ്ഞു. 20 കമുകുകളും ആറ് ചുവട് കുരുമുളകും കാട്ടാന കഴിഞ്ഞ രാത്രിയിൽ കൽച്ചാടിയിലെ കൃഷിയിടത്തിൽ നശിപ്പിച്ചു.
മണ്ണാർക്കാട് മേഖലയിലുണ്ടായതുപോലെ റബ്ബർ മരങ്ങളുടെ തൊലിയും കാട്ടാന തിന്നുമോ എന്ന ആശങ്കയിലാണ് കർഷകർ. കരിമ്പാറ മേഖലയിൽ ശല്യക്കാരായ കാട്ടാനകളെ കാടുകയറ്റുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടെന്നും പകൽസമയത്തും വൈകുന്നേരവുമുള്ള പടക്കം പൊട്ടിക്കലിൽ ഒതുങ്ങി ഇരിക്കുകയാണ് കാട്ടാന പ്രതിരോധം.
സൗരോർജ വേലി പ്രവർത്തിക്കാത്തതും തൂക്കുവേലിയുടെ നിർമാണം പൂർത്തീകരിക്കാത്തതും കാട്ടാന ശല്യം രൂക്ഷമാകാൻ കാരണമായി.