കൊല്ലം: പഠിക്കുന്ന സ്കൂൾ മുഖേന വിദ്യാർഥികൾക്ക് ആധാർ കാർഡുകൾ എടുക്കാനുള്ള സംവിധാനം രാജ്യത്തുടനീളം ഉടൻ നിലവിൽ വരും. ആധാർ നൽകുന്ന സംഘടനയായ യുണീക്ക് ഐഡന്റിറ്റി വെരിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യയുടെ (യുഐഡി ഐഎ) ഇതു സംബന്ധിച്ച് തീരുമാനം എടുത്തുകഴിഞ്ഞു.
അഞ്ച് വയസ് പൂർത്തിയായിട്ടും രാജ്യത്ത് ഏഴ് കോടിയിലധികം കുട്ടികൾക്ക് ആധാർ കാർഡുകൾ ലഭിച്ചിട്ടില്ല. ഇതു പരിഹരിക്കാനാണ് യുഐഡിഎഐ അടിയന്തിര കർമ പദ്ധതി ആവിഷ്കരിക്കുന്നത്.രാജ്യത്തുടനീളമുള്ള സ്കൂളുകൾവഴി കുട്ടികളുടെ ബയോ മെട്രിക് അപ്ഡേറ്റ് പ്രക്രിയ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് തീരുമാനം.
ഇതോടെ ആധാർ അപ്ഡേറ്റിന്റെ കേന്ദ്രമായി സ്കൂളുകൾ മാറും. ഇതിനായി യുഐഡിഎഐ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് വരികയാണ്. അതിലൂടെ രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂൾ പരിസരത്ത് കുട്ടികളുടെ ബയോമെട്രിക് അപ്ഡേറ്റ് ചെയ്യാൻ കഴിയും.ആധാർ ബയോമെട്രിക് അപ്ഡേറ്റിനുള്ള നിയമങ്ങൾ അനുസരിച്ച് അഞ്ച് മുതൽ ഏഴ് വയസു വരെയുള്ള കുട്ടികൾക്ക് ബയോമെട്രിക് അപ്ഡേഷൻ സൗജന്യമാണ്.
എന്നാൽ ഏഴ് വർഷത്തിനു ശേഷം നൂറുരൂപ ഫീസ് നൽകണം. നിശ്ചിത സമയത്തിനുള്ളിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ കുട്ടികൾക്ക് സർക്കാർ പദ്ധതികളുടെയും സേവനങ്ങളുടെയും ആനുകൂല്യങ്ങൾ ലഭിക്കില്ല.ബയോമെട്രിക് അപ്ഡേറ്റിന് ശേഷം സ്കൂൾ പ്രവേശനം, സ്കോളർഷിപ്പ്, പരീക്ഷാ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങളിൽ ആധാർ കാർഡ് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും. ഇതു കുട്ടികൾക്കു സുഗമവും തടസരഹിതവുമായ തിരിച്ചറിയൽ പ്രക്രിയയും ഉറപ്പാക്കും.
15-ാമത്തെ വയസിൽ രണ്ടാമത്തെ നിർബന്ധിത ബയോ മെട്രിക് അപ്ഡേറ്റിനായി സ്കൂളുകളിലൂടെയും കോളജുകളിലൂടെയും ഈ സൗകര്യം ലഭ്യമാക്കാനും യുഐഎഡിഐയ്ക്ക് പദ്ധതിയുണ്ട്.നിർദിഷ്ട പദ്ധതി പ്രകാരം അഥോറിറ്റി ഓരോ ജില്ലകളിലേക്കും ബയോ മെട്രിക് മെഷീനുകൾ അയക്കും. പിന്നീട് ഇവ റൊട്ടേഷൻ അടിസ്ഥാനത്തിൽ എല്ലാ സ്കൂളുകളിലും ലഭ്യമാക്കും. ആധാർ അപ്ഡേറ്റിനായി കുട്ടികൾ അധികദൂരം പോകേണ്ടിവരില്ല എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.
വിവിധ സർക്കാർ പദ്ധതികളുടെ പൂർണ ആനുകൂല്യങ്ങൾ എല്ലാ കുട്ടികൾക്കും കൃത്യസമയത്ത് ലഭ്യമാക്കുക, അവരെ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട പ്രക്രിയ എളുപ്പത്തിൽ പ്രാപ്യമാക്കുക എന്നിവയാണ് അഥോറിറ്റി ഇതുവഴി ലക്ഷ്യമിടുന്നത്.
- എസ്.ആർ. സുധീർ കുമാർ