ആക്രമണങ്ങളെ പേടിച്ച് ഒരിക്കലും പിന്നോട്ട് പോകില്ല! കേരളത്തിന്റെ സ്‌നേഹം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു; കഠുവ പെണ്‍കുട്ടിയ്ക്കുവേണ്ടി പോരാടിയ അഭിഭാഷക ദീപിക സിംഗ് പറയുന്നു

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച കഠുവ പീഡനക്കേസില്‍ ഇരയായ എട്ടു വയസുകാരി പെണ്‍കുട്ടിയ്ക്കുവേണ്ടി പോരാടിയ അഭിഭാഷക ദീപിക സിംഗിനെ ആരും മറന്നു കാണില്ല. പെണ്‍കുട്ടിയുടെ മരണവാര്‍ത്തയും അവള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട് വിവരവും പുറംലോകം അറിയാന്‍ തന്നെ കാരണക്കാരിയായത് ദീപികയാണ്. പെണ്‍കുട്ടിയുടെ നീതിയ്ക്കുവേണ്ടി പോരാടിയ ദീപികയെ എല്ലാവരും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയും ചെയ്തിരുന്നു. ദീപികയുടെ ഇക്കഴിഞ്ഞ ദിവസത്തെ ഏതാനും പ്രസ്താവനകളാണ് അവരെ ഇപ്പോള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്.

‘എനിക്കും എന്റെ കുടുംബത്തിനുമെതിരെ നടക്കുന്നത് വന്‍ഭീഷണികളും സൈബര്‍ ആക്രമണങ്ങളുമാണ്. എന്നാല്‍ ഇതുകണ്ടൊന്നും പേടിച്ച് പിന്നോട്ട് പോകുന്നൊരാളല്ല ഞാന്‍. കേരളം രാജ്യത്തിന് നല്‍കുന്നത് ഒരു പുതിയ പ്രതീക്ഷയാണ്. കേരളത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നേരിട്ട അനുഭവങ്ങള്‍ അവര്‍ തുറന്നുപറഞ്ഞത്. ജീവന്‍ പകരം നല്‍കേണ്ടി വന്നാലും കേസില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അക്രമങ്ങള്‍ക്കെതിരെ യുവതലമുറ മുഖം തിരിക്കരുതെന്നും ദീപിക പറഞ്ഞു.

തൃപ്രയാറില്‍ കഴിമ്പ്രം ഡിവിഷന്‍ തളികുളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സല്യൂട്ട് സക്സസ് 2018 പുരസ്‌കാരവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. തനിക്ക് കഠുവ പീഡനകേസിലെ കുട്ടിയുടെ പ്രായത്തിലുള്ള ഒരു മകളുണ്ട് അത് തന്റെ ഉറക്കം കെടുത്തിയിരുന്നു. അതായിരിക്കണം ഉത്തരവാദിത്തബോധത്തോടെ ധര്‍മ്മത്തില്‍ പാതയില്‍ നേരിനുവേണ്ടി മരിക്കാന്‍ ഭയമില്ലാതെ പ്രവര്‍ത്തിക്കാനായതെന്നും അതിന്റെ പേരില്‍ വധഭീഷണികളൊരുപാടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. തനിക്കും തന്റെ കുടുംബത്തിനുമെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തന്റെ അനുജത്തിയെ മോശമായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയിരുന്നു. പക്ഷേ ഇതുകൊണ്ടൊന്നും എന്നെ പേടിപ്പാക്കാമെന്ന് കരുതിയവര്‍ക്ക് തെറ്റി. ജമ്മൂകശ്മീരില്‍ തനിക്ക് പൂമാലകളേക്കാള്‍ ചെരുപ്പേറുകളും കല്ലേറുകളുമാണ് ലഭിച്ചത് എങ്കില്‍ ഈ നാട്ടിലെ സ്നേഹം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. കേരളം ഒരു മാതൃകാ സംസ്ഥാനമാണെന്നും ദീപിക സിങ് പറഞ്ഞു. കേരളം വലിയ പ്രതീക്ഷയാണ് രാജ്യത്തിന് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related posts