വീട്ടിലെ ടൈല്‍ പാകാനും ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കും വരെ പോലീസ്! പണി ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പരാതിയില്‍; ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പി രാജുവിനെതിരെയും നടപടി

ഉന്നത പോലീസുദ്യോഗസ്ഥര്‍ കീഴ് ജീവനക്കാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതായുള്ള പരാതികള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എഡിജിപി സുധീഷ് കുമാറിനെതിരെ നടപടിയുണ്ടായതിന്റെ പുറകേ പോലീസ് ഉന്നതന്‍ പി വി രാജുവിനെതിരെയും നടപടി. ക്യാമ്പ് ഫോളോവേഴ്സിനെ കൊണ്ട് കോണ്‍ക്രീറ്റ് ജോലികളും ടൈല്‍ പാകല്‍ ജോലികളും മറ്റും നിര്‍വ്വഹിച്ചതിനാണ് നടപടി. ആംഡ് പോലീസ് ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റായ ഇദ്ദേഹത്തെ എ ആര്‍ ക്യാമ്പിലേക്ക് മാറ്റി.

രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടില്‍ ടൈല്‍ പാകാനായി നാലു പേരെ നിയോഗിച്ചെന്ന് ദിവസക്കൂലിക്കാരായ രണ്ടു പേര്‍ നല്‍കിയ പരാതിയിലെ ആരോപണം. പണി ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഡി.ജി.പിക്കു നല്‍കിയ പരാതിക്കൊപ്പമുണ്ട്. രണ്ടു ദിവസം മുമ്പ് ഉച്ചയ്ക്ക് മൂന്നു വരെ ജോലി ചെയ്തെന്നും വിവാദമായതോടെ പറഞ്ഞുവിട്ടെന്നും പരാതിയിലുണ്ട്. ഇന്ന് ഇക്കാര്യം നിയമസഭയിലുയര്‍ത്തി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ആക്രമിക്കാനാണ് പ്രതിപക്ഷനീക്കം.

ഇതേ വിഷയത്തില്‍ മുഖ്യമന്ത്രി നേരത്തേ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് പ്രതിപക്ഷം അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനാല്‍ കൃത്യമായ കണക്ക് നല്‍കണമെന്ന് ഡി.ജി.പി. നിര്‍ദേശിച്ചിട്ടുണ്ട്. കണക്കെടുപ്പ് തുടങ്ങിയതോടെ പലരും വീട്ടുജോലിക്കു വച്ചിരുന്ന പോലീസുകാരെയും ക്യാമ്പ് ഫോളോവര്‍മാരെയും തിരിച്ചയച്ച് തലയൂരുകയാണ്. അതേസമയം കണക്കെടുപ്പ് പ്രഹസനമാണെന്നാണ് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്റെ ആരോപണം.

രേഖയിലുള്ള വിവരങ്ങള്‍ മാത്രമാണ് എസ്.പിമാര്‍ എ.ഡി.ജി.പിക്കു കെമാറുന്നത്. പല ഐ.പി.എസുകാരുടെയും വീടുകളില്‍ ക്യാമ്പ് ഫോളോവര്‍മാരെ പണിയെടുപ്പിക്കുന്നത് രേഖകളില്‍ ഇല്ലാതെയാണ്. പോലീസിലെ ഉന്നതരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലുമായി അറുനൂറോളം ക്യാമ്പ് ഫോളോവര്‍മാരെയും പോലീസുകാരെയും അനധികൃതമായി ജോലി ചെയ്യിക്കുന്നുവെന്നാണു പ്രാഥമിക കണക്ക്. ഐ.പി.എസുകാരുടെ വസതികളില്‍ കുറഞ്ഞത് അഞ്ചു പേര്‍ വീതം ഉണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

Related posts