കേജ്‌രിവാള്‍ ആളു ബുദ്ധിമാനാ…പ്രകടനപത്രികയുടെ കവര്‍പേജില്‍ സുവര്‍ണക്ഷേത്രത്തിന്റെ ചിത്രം വന്നത് വിനയായി, നേരെ സുവര്‍ണക്ഷേത്രത്തിലെത്തി പാത്രം കഴുകി!

kejriwal-golden-temple_650x400_71468808757പ്രകടനപത്രികയില്‍ ചൂലിനൊപ്പം സിക്കുകാരുടെ ആരാധന കേന്ദ്രമായ സുവര്‍ണക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ച ആംആദ്മി പാര്‍ട്ടി പുലിവാലു പിടിച്ചു. ഒടുവില്‍ അരവിന്ദ് കേജ്‌രിവാള്‍ നേരിട്ടിറങ്ങേണ്ടിവന്നു സിക് പ്രതിഷേധം തണുപ്പിക്കാന്‍. പ്രായശ്ചിത്തമായി ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ കേജ്‌രിവാള്‍ ക്ഷേത്രത്തിലെത്തി പാത്രം കഴുകി. ഞായറാഴ്ച വൈകിട്ടായിരുന്നു കേജ്‌രിവാള്‍ സുവര്‍ണ ക്ഷേത്രത്തില്‍ എത്തിയത്. പഞ്ചാബില്‍ 2017ല്‍ നടക്കാനാരിക്കുന്ന നിയസമസഭാ തിരഞ്ഞെടുപ്പിലേക്ക് പുറത്തിറക്കിയ പാര്‍ട്ടിയുടെ പ്രകടന പത്രികയുടെ മുഖചിത്രത്തിലാണ് എഎപിയുടെ ചിഹ്നമായ ചൂലിനൊപ്പം ക്ഷേത്രത്തിന്റെ ചിത്രവും ഉപയോഗിച്ചത്. സിക്ക് മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ എ.എ.പി വക്താവ് ആശിഷ് ഖേതനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് കേജ്‌രിവാള്‍ രംഗത്തെത്തിയത്.

തെറ്റു പറ്റിയതില്‍ ഖേദിക്കുന്നുവെന്നും അറിഞ്ഞോ അറിയാതെയോ സംഭവിച്ച തെറ്റിന് മാപ്പ് ചോദിക്കുന്നതിന് വേണ്ടിയാണ് താന്‍ ക്ഷേത്രത്തില്‍ എത്തിയതെന്ന് കേജ്‌രിവാള്‍ പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 45 മിനിട്ടാണ് കേജ്‌രിവാള്‍ ക്ഷേത്രത്തില്‍ ചെലവിട്ടത്. തലയില്‍ കൈലേസ് ധരിച്ച് എത്തിയ കേജ്‌രിവാള്‍ പ്രധാന പ്രതിഷ്ഠാ സ്ഥലത്ത് പ്രാര്‍ത്ഥന നടത്തി. അടുത്തവര്‍ഷം നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിനായി വന്‍തോതിലുള്ള പ്രവര്‍ത്തനങ്ങളാണ് എഎപി നടത്തുന്നത്.

Related posts