മറ്റാരില്‍ നിന്ന് ഒന്നും പിടുങ്ങില്ല എന്ന് വ്രതമെടുത്തുവേണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ ! കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം നല്‍കാന്‍ ആലോചനയെന്ന് മുഖ്യമന്ത്രി…

കോഴിക്കോട്: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം നല്‍കാനുള്ള വഴിയാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ്/ഇന്റലിജന്റ് ബില്‍ഡിംഗ് ആപ്ലിക്കേഷന്‍/സോഫ്‌റ്റ്വെവെയറായ സുവേഗയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്‌പോഴായിരുന്നു കൈക്കൂലിക്കാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശം.

‘അഴിമതി നടത്തുന്ന കുറച്ചുപേരാണ് അന്തസായി ജീവിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നത്. മാന്യമായ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ ശീലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പണം ചെലവഴിക്കുന്നതിന് തടസമൊന്നുമില്ല. പക്ഷേ,? അത് അവനവന്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയത് ആയിരിക്കണം. മറ്റാരില്‍ നിന്ന് ഒന്നും പിടുങ്ങില്ല എന്ന് വ്രതമെടുത്തുവേണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍.

ആളുകളെ ദ്രോഹിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യാഗസ്ഥരില്‍ ഗ്രേഡ് അനുസരിച്ച് മാറ്റമുണ്ട്. ഓഫീസിലെത്തുന്ന ജനങ്ങളെ സാഡിസ്റ്റ് മനോഭാവത്തോടെ സമീപിക്കുന്ന ഉദ്യോഗസ്ഥര്‍ നമുക്കിടയിലുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അഴിമതിയ്‌ക്കെതിരേ പറയുമ്പോള്‍ ഊറിച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. അടുത്തകാലത്ത് ഉദ്യോഗസ്ഥര്‍ കൈക്കൂലി നേരിട്ടു വാങ്ങുന്ന സമ്പ്രദായം നിറുത്തി പുതിയൊരു മാര്‍ഗം കണ്ടുപിടിച്ചു.

കൈക്കൂലി വാങ്ങാന്‍ വിശ്വസ്തരെ നിയോഗിക്കുകയാണ് ഇപ്പോള്‍. ഇതിന് ചില അടയാളങ്ങളും കോഡുകളുമൊക്കെയുണ്ട്. ആരും അറിയാതെ നടത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്ന ഇത്തരം പരിപാടികള്‍ അങ്ങാടിപ്പാട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി മുമ്പും കൈക്കൂലിയ്‌ക്കെതിരേ ശക്തമായ വാക്കുകള്‍ പറഞ്ഞിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൈക്കൂലി വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ കുറവൊന്നും വന്നിട്ടില്ലെന്നാണ് വിവരം.

Related posts