എന്‍95 മാസ്‌ക് കിട്ടാനില്ല ! ഗവണ്‍മെന്റ് ആശുപത്രിയില്‍ രോഗലക്ഷണമുള്ളവര്‍ പോലും ജോലിയ്‌ക്കെത്തേണ്ട സാഹചര്യം; കേരളം വന്‍ പ്രതിസന്ധിയില്‍ …

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എന്‍95 മാസ്‌കിന് കടുത്ത ക്ഷാമം എന്ന് റിപ്പോര്‍ട്ട്. വിപണിയില്‍ ഇത് കിട്ടാനില്ലെന്നാണ് സൂചന.

എറണാകുളം ജില്ലയിലാണ് എന്‍ 95 മാസ്‌കിന് കടുത്ത ക്ഷാമം നേരിടുന്നത്. ജനറല്‍ ആശുപത്രിയിലടക്കം മാസ്‌ക് കിട്ടാനില്ല.

ഇതോടെ ഓപി നടത്തുന്നതടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മറ്റു ജില്ലകളിലേയും സ്ഥിതി വ്യത്യസ്തമല്ല.

കടുത്ത ക്ഷാമം നേരിടുന്ന ചില ആശുപത്രികള്‍ ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടില്‍ നിന്നും പണമെടുത്ത് കാരുണ്യയില്‍ നിന്നടക്കം മാസ്‌കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ആവശ്യപ്പെടുന്ന മാസ്‌കിന്റെ പകുതി പോലും കിട്ടുന്നില്ല. 15 ദിവസം മുമ്പ് ഓര്‍ഡര്‍ നല്‍കിയ എറണാകുളം ജനറല്‍ ആശുപത്രിക്ക് ഇന്നലെ കിട്ടിയത് 470 മാസ്‌കുകള്‍ മാത്രം. വിപണിയില്‍ ക്ഷാമമുണ്ടെന്നാണ് ഇതിന് കിട്ടിയ വിശദീകരണം.

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കൈവശമുള്ളതാകട്ടെ വെറും 368212 എന്‍95 മാസ്‌കുകള്‍ മാത്രം. ഇത് സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് മതിയാകില്ലെന്നുറപ്പ്.

കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ബാധിതരാകുന്നത് ചികില്‍സയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ മാസ്‌ക് നിര്‍ണായക ഘടകമാണ്. കൂടുതല്‍ രോഗ വ്യാപനത്തിന് സാധ്യത കൂടും.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും മാനദണ്ഡം പാലിച്ച് ഡ്യൂട്ടിയില്‍ കയറുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്ന, കിടത്തി ചികില്‍സ വേണ്ടിവരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന നിര്‍ദേശവും ആശുപത്രികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ലക്ഷണങ്ങളുമായി എത്തുന്നവരെ പരിശോധന നടത്താതെ തന്നെ കോവിഡ് ബാധിതരായി കണക്കാക്കണമെന്ന നിര്‍ദേശവുമുണ്ട്.

ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍മാര്‍ വഴിയാണ് ഈ നിര്‍ദ്ദേശം ആശുപത്രികള്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ കോവിഡ് പരിശോധന നടത്താന്‍ എത്തുന്നവരുടെ എണ്ണം കൂടിയെന്നും ഇത്രയധികം പരിശോധന നടത്താനുള്ള മാനവ വിഭവശേഷിയും ഭാതിക സാഹചര്യങ്ങളും കുറവാണെന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിക്കുന്നുണ്ട്.

24 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന ഫലം നല്‍കണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും രണ്ടു ദിവസം വരെ ഫലത്തിന് കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

പ്രസവ സംബന്ധമായ ചികില്‍സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും മുന്നോടിയായുള്ള കോവിഡ് പരിശോധന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറത്തേക്ക് വിടാനാണ് നിര്‍ദ്ദേശം.

സ്വകാര്യ മേഖലയിലേക്ക് വിടണം. യാത്ര ആവശ്യങ്ങള്‍ക്കും സ്വയമേവയുള്ള പരിശോധനക്കും എത്തുന്നവര്‍ക്ക് പരിശോധനക്കായി കുറിപ്പ് നല്‍കരുതെന്നും നിര്‍േദശിച്ചിട്ടുണ്ട്.

Related posts

Leave a Comment