റോഡിന്റെ ഇടതു വശത്തെ മാലിന്യക്കൂമ്പാരത്തില്‍ പതിച്ച കെവിന്‍ പുഴയിലേക്കു ഉരുണ്ടുവീണെ! കെവിന്റെ മരണം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ; പോലീസിന്റെ അന്തിമ കണ്ടെത്തല്‍ ഇങ്ങനെ

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും പ്രതികളുടെയും സാക്ഷി അനീഷിന്റെയും മൊഴികള്‍ക്ക് പുറമെ സ്ഥലപരിശോധനയുടെയും അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്. മരണഭയത്താല്‍ രക്ഷപ്പെടുന്നതിനിടെയാണു മരണമെന്നതിനാല്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്താനാണ് തീരുമാനം.

കെവിന്‍ വധക്കേസ് അന്വേഷിച്ച പോലീസ് സംഘത്തിന്റെ കണ്ടെത്തലില്‍ പറയുന്നതിങ്ങനെ…

നീനുവിനെ ബലമായി പിടിച്ചു കൊണ്ടു പോകാനാണു സാനുവിന്റെ നേതൃത്വത്തില്‍ 13 അംഗ സംഘം മാന്നാനത്ത് എത്തിയത്. നീനുവിനെ കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ അനീഷിനെയും കെവിനെയും വീട് കയറി ആക്രമിച്ചു തട്ടികൊണ്ടുപോയി. തെന്മല വെള്ളിമറ്റത്തെ സങ്കേതത്തില്‍ പാര്‍പ്പിച്ചു നീനുവിനെ വിളിച്ചുവരുത്താനായിരുന്നു പദ്ധതി. തെന്‍മലയ്ക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളില്‍വച്ചു കെവിനെ ക്രൂരമായി മര്‍ദിച്ചു കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ചാലിയേക്കരയില്‍ എത്തിയശേഷം കെവിനെ വാഹനത്തില്‍നിന്നു പുറത്തിറക്കി കമിഴ്ത്തികിടത്തി. ഇതിനിടെ, മറ്റു വാഹനത്തിലുണ്ടായിരുന്ന അനീഷ് ഛര്‍ദ്ദിച്ചതോടെ അപകടം സംഭവിച്ചുവെന്നു കരുതി സംഘാംഗങ്ങള്‍ അവിടേക്കോടി. ഇതിനിടെയാണു കെവിന്‍ ഓടി രക്ഷപ്പെട്ടത്. റോഡിന്റെ ഇടതു വശത്തെ മാലിന്യക്കൂമ്പാരത്തില്‍ പതിച്ച കെവിന്‍ പുഴയിലേക്കു ഉരുണ്ടുവീണുവെന്നാണു കണ്ടെത്തല്‍. രക്ഷപ്പെട്ട കെവിനെ തേടി അക്രമിസംഘം ഏഴു മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

നേരം വെളുത്തതോടെ കെവിന്‍ പുഴ നീന്തിക്കയറി രക്ഷപ്പെട്ടുവെന്ന വിശ്വാസത്തില്‍ സംഘം മടങ്ങി. ചാലിയേക്കരയില്‍ കെവിനെ കാറില്‍നിന്നു പുറത്തു കിടത്തിയെന്ന ബന്ധു അനീഷിന്റെ മൊഴി, മരണകാരണം മുങ്ങിമരണം മൂലമാണെന്ന കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കെവിന്‍ കാറില്‍നിന്നു ചാടി രക്ഷപെട്ടുവെന്ന പ്രതികളുടെ മൊഴി, മൃതദേഹം കണ്ടെത്തിയ ചാലിയേക്കരയിലെ സ്ഥലപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റമുള്‍പ്പെടെയാണു ചുമത്തിയിരിക്കുന്നത്. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം മാറുകയോ രണ്ടാംഘട്ട ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയോ ചെയ്താല്‍ മുങ്ങിമരണമെന്ന ഇപ്പോഴത്തെ നിഗമനത്തില്‍ മാറ്റം വരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Related posts