വീട്ടമ്മയുടെ കീകീ ചലഞ്ചില്‍ വലഞ്ഞ് യാത്രക്കാര്‍! ചോദ്യം ചെയ്തവരുടെ നേരെ ആക്രോശവും; സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ തരംഗമായ ചലഞ്ചിന് തടയിട്ട് പോലീസും

നവമാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ ചില ചലഞ്ചുകള്‍ പ്രത്യക്ഷപ്പെടും. ഫിറ്റ്‌നസ് ചലഞ്ച് പോലെ കൂട്ടത്തില്‍ ചിലതൊക്കെ നല്ല ഉദ്ദേശ്യത്തോടെയുള്ളതാണെങ്കിലും ഒട്ടുമിക്കതും അപകട സാധ്യത ഉയര്‍ത്തുന്നവയാണ്. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തെത്തിയിരിക്കുന്നതും നല്ലൊരു ശതമാനം ആളുകള്‍ ഏറ്റെടുത്തിരിക്കുന്നതുമായ ചലഞ്ചാണ് കീ കീ ചലഞ്ച്.

സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് പുറത്ത് ചാടി ഡാന്‍സ് ചെയ്ത് തിരികെ വീണ്ടും വാഹനത്തില്‍ പ്രവേശിക്കുന്നതാണ് കീകീ ഡാന്‍സ് ചലഞ്ച്. കനേഡിയന്‍ റാപ്പറായ ഡ്രൈക്സിന്റെ ഏറ്റവും പുതിയ ആല്‍ബമായ ‘സ്‌കോര്‍പിയന്റെ’ ചുവടുപിടിച്ചാണ് പുതിയ ചലഞ്ച് പ്രപ്രചരിച്ചത്. സാമ്പത്തികമായി വിജയം നേടിയ ആല്‍ബത്തിലെ ‘ഇന്‍ മൈ ഫീലിങ്’ എന്ന ഗാനം ഇന്റര്‍നെറ്റില്‍ ജനപ്രിയമായി മാറിയതോടെയാണ് ഡാന്‍സ് ചെയ്ത് ചലഞ്ച് ആരംഭിച്ചത്.

കീ കീ ചലഞ്ച് ഏറ്റെടുത്ത് ആളുകള്‍ അപകടങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ മിക്ക സംസ്ഥാനങ്ങളിലെയും പോലീസ് ഇതിന് വിലക്കേര്‍പ്പെടുത്തുകയുണ്ടായി. സമാനമായ രീതിയില്‍ ഗുജറാത്ത് പോലീസും കീ കീ ചലഞ്ച് ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍ ജനങ്ങളോട്. എന്നാല്‍ ഗുജറാത്ത് പോലീസ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിന് കാരണമായത് ചെറുപ്പക്കാരുടെയൊന്നും പ്രകടനമല്ല. മറിച്ച് അമ്പതിന് മുകളില്‍ പ്രായമുള്ള റിസ്വാന മീര്‍ എന്ന വീട്ടമ്മയുടെ കീ കീ പ്രകടനമാണ്.

അടുത്ത ദിവസങ്ങളില്‍ ഒരു കോമഡി ചാനല്‍ വഴി പ്രചരിച്ച വീഡിയോ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പോലീസ് പ്രകോപിതരായതും കീ കീ ചലഞ്ച് ആരും ഏറ്റെടുക്കാന്‍ പാടില്ലെന്ന് അറിയിച്ചതും. വീട്ടമ്മ കീകീ ചലഞ്ച് നടത്തിയിരുന്ന വാഹനം പതിയെ നീങ്ങി പുറകില്‍ വന്നിരുന്നവര്‍ക്ക് തടസമുണ്ടാക്കി.

ഇത് ചോദ്യം ചെയ്ത പുറകിലുള്ള വാഹനയാത്രക്കാരോട് വീട്ടമ്മ ദേഷ്യപ്പെടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് വഴിയില്‍ ഗതാഗത കുരുക്കുണ്ടാവുകയും ചെയ്തു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വീട്ടമ്മയുടെ കീകീ ചലഞ്ച് വീഡിയോയും പോലീസ് പങ്കുവച്ചിട്ടുണ്ട്.

https://youtu.be/_3Sr1GoSttg

Related posts