കിമ്മിന്റെ ആരോഗ്യനില തകരാറിലോ ? ഉത്തരകൊറിയന്‍ ഏകാധിപതിയുടെ നില വഷളാകുന്നുവെന്ന് റിപ്പോര്‍ട്ട്…

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്.

റോയിറ്റേഴ്‌സ് പങ്കുവച്ച വാര്‍ത്ത ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കിമ്മിന്റെ ശരീരഭാരം വലിയ തോതില്‍ കുറഞ്ഞത് ജനങ്ങള്‍ക്കിടിയില്‍ ആശങ്കയുണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

കിമ്മിന്റെ ശരീരഭാരം കുറയുന്നതില്‍ ആശങ്കപ്പെട്ട് വിലപിക്കുന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയന്‍ ചാനലുകള്‍ തന്നെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

‘ബഹുമാനപ്പെട്ട ജനറല്‍ സെക്രട്ടറി കിം ജോങ് ഉന്നിനെ ഇങ്ങനെ കാണുന്നത് ജനങ്ങളുടെ ഹൃദയത്തെ വല്ലാതെ മുറിവേല്‍പ്പിക്കുന്നു.
എല്ലാവരും വലിയ ദുഖത്തിലാണ്..’ വെള്ളിയാഴ്ച സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ കെആര്‍ടി പുറത്തുവിട്ട വീഡിയോയിലാണ് ഈ വെളിപ്പെടുത്തല്‍.

എന്നാല്‍ കിം മനഃപൂര്‍വം ശരീരഭാരം കുറയ്ക്കുന്നതാണോ എന്ന കാര്യം ഇവര്‍ വ്യക്തമാക്കുന്നില്ല. ഒരു മാസത്തിലേറെയായി കിം പൊതുവേദികളില്‍ എത്തുന്നില്ല എന്നതും സംശയത്തിനിട നല്‍കുന്നു.

ഈ വര്‍ഷം ഏപ്രില്‍ 30, ജൂണ്‍ 5 തീയതികളില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതടക്കമുള്ള കിമ്മിന്റെ ചിത്രങ്ങളും വിഡിയോകളും താരതമ്യപ്പെടുത്തിയുള്ള വിശകലനങ്ങളും സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മുന്‍പ് പ്രചരിച്ചിരുന്നു.

ആഡംബര വാച്ച് കയ്യില്‍ കൂടുതല്‍ മുറുക്കി കെട്ടിയതിന്റെ ചിത്രങ്ങളോടെയാണു കിം തടി കുറഞ്ഞെന്ന വിവരം എന്‍കെ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.

ഹൃദയ സംബന്ധമായ രോഗങ്ങളുടെ ചരിത്രമുള്ളതാണു കിം കുടുംബം. ഉത്തരകൊറിയയിലെ മുന്‍ ഭരണാധികാരികളും കിം ജോങ് ഉന്നിന്റെ പൂര്‍വികരുമായ കിം ഇല്‍ സുങ്, കിം ജോങ് ഇല്‍ എന്നിവര്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരിച്ചതെന്നാണു റിപ്പോര്‍ട്ട്.

ഗുരുതരമായ ഹൃദ്രോഗ പ്രശ്‌നങ്ങള്‍ കിമ്മിനെ അലട്ടുന്നതായി കഴിഞ്ഞ വര്‍ഷം രാജ്യാന്തര മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ, മുപ്പതുകളുടെ മധ്യത്തിലുള്ള കിമ്മിന് പ്രായത്തിന്റെ ആനുകൂല്യം ലഭിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related posts

Leave a Comment