കിഴക്കുണരും പക്ഷിയിലെ കഥാപാത്രം ചോദിച്ചു വാങ്ങിയ വേഷമാണെന്ന് ശങ്കർ. അന്ന് ഒരുപാട് റൊമാന്റിക് വേഷങ്ങൾ മാത്രം ചെയ്യുമ്പോൾ അതിൽ നിന്നൊരു മാറ്റം വേണമെന്ന് എനിക്ക് തോന്നി. സുഖമോ ദേവിയിലൊക്കെ ഹീറോ ആണെങ്കിലും നല്ല പാട്ടുകളൊക്കെയുള്ള ഒരു കഥാപാത്രമായിരുന്നു. അതിൽ നിന്ന് മാറി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് വേണു നാഗവള്ളിയോട് ഞാൻ ഈ കാര്യം പറയുന്നത്. അദ്ദേഹം നോക്കട്ടെ എന്നു പറഞ്ഞു, അങ്ങനെയാണ് കിഴക്കുണരും പക്ഷി സംഭവിക്കുന്നത്.
ഒരുപാടു പേർക്ക് ഞാൻ ആ വേഷം ചെയ്തത് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. എന്നാൽ കുറച്ചുപേർ അത് നല്ലതാണെന്നും പറഞ്ഞു. എന്നെ റൊമാന്റിക് വേഷങ്ങളിൽ കണ്ടു ശീലിച്ചതുകൊണ്ട് ആളുകള്‍ ക്ക് അത് ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ടാകില്ല.
ഇന്ന് നെഗറ്റീവ് വേഷങ്ങൾ ചെയ്താൽ ആളുകൾ അത് അഭിനയമായി കണ്ട് സ്വീകരിക്കും. പക്ഷേ, അന്ന് ആളുകൾ വൈകാരികമായി വളരെയധികം ബന്ധപ്പെട്ടിരുന്നു. ഇപ്പോഴും ആളുകൾ റൊമാന്റിക് ഹീറോ എന്നു വിളിക്കാറുണ്ട്. റൊമാൻസ് മോശമൊന്നുമല്ല, കാരണം എല്ലാവരും റൊമാൻസ് ചെയ്തു തന്നെയാണ് കടന്നു വന്നിട്ടുള്ളത്. എങ്കിലും ഒരു റൊമാന്റിക് ഹീറോ എന്നതിലുപരി ഒരു നല്ല നടൻ എന്ന് വിളിക്കപ്പെടാനാണ് എനിക്കിഷ്ടം എന്ന് ശങ്കർ പറഞ്ഞു.
