കൂവപ്പള്ളി റോഡ് കഠിനമെന്റയപ്പ..! ശബരിമല തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ കടന്നു പോകുന്ന എരുമേലി റോഡില്‍ അപകടം പതിയിരിക്കുന്നു; കണ്ണടച്ച് അധികൃതരും

KOOVAPALLYROAD

കൂവപ്പള്ളി: ശബരിമല തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ കടന്നു പോകുന്ന 26-ാം മൈല്‍-എരുമേലി റോഡിലെ അപ കടക്കെണികള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കൂവപ്പള്ളി ജംഗ്ഷന് തൊട്ടടുത്താണ് ഏത് നിമിഷവും വലിയ ദുരന്തമുണ്ടാകാമെന്ന രീതിയില്‍ റോഡിന്റെ ഒരുവശം ഇടിഞ്ഞു താഴ്ന്നത്.

മികച്ച രീതിയില്‍ നവീകരിച്ച റോഡ് മണ്ഡലകാലത്തിന് തൊട്ടുമുന്‍പ് ജലഅതോറിറ്റി കുഴിച്ചുനശി പ്പിക്കുകയായിരുന്നു. റോഡിന്റെ വശം കുഴിച്ച് പൈപ്പ് ഇട്ട ജലഅതോറിറ്റി പല യിടത്തും സംരക്ഷണ ഭിത്തികള്‍ നശിപ്പിച്ചു. പിന്നീട് മഴ പെയ്തതോടെ മണ്ണൊലിച്ച് പലയിടത്തും റോഡിന്റെ വശം ഇടിഞ്ഞുവീഴാറായ സ്ഥിതിയിലാണ്.

കൂവപ്പള്ളിക്ക് സമീപമാണ് റോഡ് ഏത് നിമിഷവും ഇടിയുന്ന സ്ഥിതിയിലുള്ളത്. റോഡിന് തൊട്ടുതാഴെ താമസിക്കുന്ന രണ്ടു കുടുംബങ്ങളും ഭീതിയിലാണ്. നിരവധി തവണ അധികാരികളെ അറിയിച്ചിട്ടും കാണാത്ത ഭാവത്തിലാണ് അവര്‍. കുഴിക്ക് തൊട്ടുമുന്‍പ് ജലഅതോറിറ്റിയുടെ ബോര്‍ഡ് സ്ഥാപിച്ചത് മാത്രമാണ് ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ ഓടുന്ന തീര്‍ഥാടന പാതയിലെ അറ്റകുറ്റപ്പണി.

റോഡ് വശത്തെ സംരക്ഷണ ഭിത്തി തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്കും അപകട ഭീഷണിയാണ്. വാഹനം വന്നാല്‍ വശത്തേക്ക് മാറിനില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് നിലവില്‍. ചന്ദനക്കുടം, പേട്ടതുള്ളല്‍, മകരവിളക്ക് എന്നിവയോടനുബന്ധിച്ച് വരുംദിവസങ്ങളില്‍ ശബരിമല തീര്‍ഥാടകരുടെ വരവ് ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഇനിയെങ്കിലും കണ്ണുതുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷികളാകേണ്ടി വരും.

Related posts