കൊച്ചി: കോഴ ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ശേഖർ കുമാർ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
പിഎംഎല്‍എ കേസ് ഒതുക്കാന്‍ ഇടനിലക്കാരന് വഴി രണ്ടു കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ചാണ് ശേഖര്‍ കുമാർ ഹര്‍ജി നൽകിയത്.
കുറഞ്ഞ വിലക്ക് കശുവണ്ടി വാഗ്ദാനം ചെയ്ത് വ്യാപാരികളില്‍നിന്ന് കോടികള്‍ തട്ടിയ കേസില്‍ ഇഡിയുടെ അന്വേഷണം നേരിടുന്നയാളാണ് അനീഷ്. അന്വേഷണവുമായി സഹകരിക്കാതെ മുങ്ങി നടക്കുന്ന അനീഷ് ഇഡിക്കെതിരേ മന:പ്പൂര്‍വം പരാതി നല്കി തടിയൂരാന്‍ ശ്രമിക്കുകയാണെന്നാണ് ഹര്‍ജിയിൽ ശേഖർകുമാർ ഉന്നയിച്ചത്.
ഹർജിക്കാരന്റെയും മറ്റ് മൂന്ന് പ്രതികളുടെയും കോള്‍ ഡാറ്റാ വിവരങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന് വാദം.