വാട്‌സ് ആപ്പ് കൂട്ടായ്മ ഒരുക്കിയ കെണിയില്‍ കള്ളന്‍ വീണു ! ഇതരസംസ്ഥാന തൊഴിലാളികളുടെ മാത്രം ഫോണ്‍ അടിച്ചു മാറ്റുന്ന കള്ളന്‍ കുടുക്കിയതിങ്ങനെ…

ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റുന്ന കള്ളനെ ഒടുവില്‍ പിടികൂടി. ഒളവണ്ണ കമ്പിളിപ്പറമ്പ് വി.പി.ഹൗസില്‍ സല്‍മാന്‍ ഫാരിസ് (24) ആണ് പിടിയിലായത്. നഗരത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് മാത്രമാണ് ഇയാള്‍ മോഷണം നടത്താറ്. ഇത്തരത്തില്‍ ഒട്ടേറെ മൊബൈല്‍ ഫോണുകള്‍ ഇയാള്‍ അടിച്ചു മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം മാങ്കാവിലെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ഫോണ്‍ ഗള്‍ഫ്ബസാറില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നപ്പോള്‍ സംശയം തോന്നിയ കടക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കസബ എസ്‌ഐ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇയാളെ പിടികൂടുകയായിരുന്നു. നഗരത്തിലെ മൊബൈല്‍ ഫോണ്‍ കച്ചവടക്കാരും പൊലീസും ചേര്‍ന്നുള്ള വാട്‌സാപ് ഗ്രൂപ്പാണ് ഫാരിസിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പോയ പരാതി ലഭിച്ചാല്‍, ഫോണിന്റെ ഐഎംഇഐ നമ്പര്‍ പൊലീസ് മൊബൈല്‍ ഫോണ്‍ കച്ചവടക്കാരുടെ ഗ്രൂപ്പില്‍ ഇടും.

കച്ചവടക്കാരുടെ അടുത്തുകൊണ്ടുവരുന്ന ഫോണുകളുടെ ഐഎംഇഐ ഈ ഗ്രൂപ്പില്‍ അവരും ഇടും. മോഷണം പോയെന്നു പൊലീസ് നല്‍കിയ നമ്പര്‍ എല്ലാ കച്ചവടക്കാരുടെ പക്കലും ഉണ്ടാകും. ഇങ്ങനെയാണ് കഴിഞ്ഞ ദിവസം സല്‍മാന്‍ ഫാരിസിനെ പൊലീസ് പിടികൂടിയത്. സിറ്റി സെന്റ് ജോസഫ്‌സ് ദേവാലയം അസിസ്റ്റന്റ് വികാരിയുടെ മോഷണം പോയ മൊബൈല്‍ ഫോണും ഇങ്ങനെയാണ് പൊലീസ് കണ്ടെത്തിയത്. എന്തായാലും കള്ളന്‍് കുടുങ്ങിയത് ശരിക്കും ആശ്വാസമായത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ്. ഇങ്ങനെ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നിരവധി കള്ളന്മാര്‍ കേരളത്തിലുണ്ടെന്നതാണ് വിവരം. അഥവാ മോഷണത്തിനിടെ പിടിക്കപ്പെട്ടാലും ഇതര സംസ്ഥാനക്കാരായതിനാല്‍ ചോദിക്കാനും പറയാനും ആരും വരില്ലെന്ന ധൈര്യമാണ് ഇത്തരം കള്ളന്മാര്‍ക്ക് ധൈര്യമാകുന്നത്.

Related posts