തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി. അതിനായി എല്ലാ ഘടകകക്ഷി നേതാക്കളുമായും പാർട്ടിയിലെ മുതിർന്ന നേതാക്കളുമായും കൂടിയാലോചന നടത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരുമായി ആലോചിച്ച് യുഡിഎഫിനെ ശക്തിപ്പെടുത്താനും വിപുലികരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണോ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നീ കാര്യങ്ങളിൽ പാർട്ടിയും യുഡിഎഫുമാണ് തീരുമാനിക്കേണ്ടത്.
യുഡിഎഫിനെ അധികാരത്തിലെത്തിയ്ക്കാനുള്ള ചുമതലയാണ് തന്നിൽ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എന്ത് കൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യത്തിന് അക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എഐസിസി നേതൃത്വമാണ്. ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ലഭിച്ചെന്ന് വരില്ല. പാർട്ടിയെ അധികാരത്തിൽ എത്തിയ്ക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
1972 കാലഘട്ടം മുതൽ കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന തനിക്ക് ഇപ്പോൾ പാർട്ടി നൽകിയിരിക്കുന്ന പദവി വലുതാണെന്നും വലിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തന്നിലേൽപ്പിച്ച ഉത്തരവാദിത്വം അഭിമാനത്തോടെ എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ട് പൂർത്തിയാക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.