ആധുനിക സംവിധാനങ്ങള്‍ നടപ്പിലാക്കി കെഎസ്ആര്‍ടിസിയെ കൂടുതല്‍ നവീകരിക്കും; ഓട്ടോയില്‍ ശബരിമല യാത്ര നടത്തുന്നവരെ തടയുമെന്ന് മന്ത്രി

ktm-ksrtcഎരുമേലി: കെഎസ്ആര്‍ടിസിയില്‍ ആധുനിക സംവിധാനങ്ങള്‍ നടപ്പിലാക്കി നവീകരിക്കുമെന്നും ഓട്ടോറിക്ഷയില്‍ ശബരിമല യാത്ര നടത്തുന്നത് സുരക്ഷിതത്വം മുന്‍നിര്‍ ത്തി തടയുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇന്നലെ പമ്പ, ഇലവുങ്കല്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം എരുമേലിയില്‍ എത്തിയതായിരുന്നു മന്ത്രി.

ചെങ്ങന്നൂര്‍, പമ്പ, പത്തനംതിട്ട എന്നീ ഡിപ്പോകളില്‍ സ്വൈപ്പിംഗ് കാര്‍ഡ് നടപ്പിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ എരുമേലിയിലെ ഓപ്പറേറ്റിംഗ് സെന്ററിലും ഈ സംവിധാനം നടപ്പിലാക്കും. കഴിഞ്ഞ ദിവസം പമ്പ–പ്ലാപ്പള്ളി റോഡില്‍ ശബരിമല തീര്‍ഥാടകര്‍ സന്ദര്‍ശിച്ച ഓട്ടോറിക്ഷാ കാട്ടാന ആക്രമിച്ചത് കണക്കിലെടുത്താണ് ഓട്ടോറിക്ഷയിലുള്ള ശബരിമല യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ ഓട്ടോയില്‍ വരുന്ന തീര്‍ഥാടകരെ യാത്ര തുടരാന്‍ അനുവദിക്കുമെങ്കിലും പിഴ ഈടാക്കും. കൂടുതല്‍ മുന്നറിയിപ്പും പ്രചാരണവും നടത്തിയതിനു ശേഷം പൂര്‍ണമായും തടയും. ഓട്ടോ റിക്ഷകള്‍ക്ക് ശബരിമല യാത്രയ്ക്ക് പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തലാക്കും.

തെങ്ങിന്‍കുല, വാഴ, വാഴക്കുലകള്‍ എന്നിവയൊക്കെ വച്ച് അലങ്കരിച്ചാണ് തീര്‍ഥാടകര്‍ വാഹനങ്ങളില്‍ യാത്ര നടത്താറുള്ളത്. വനപാതകളില്‍ ഇത് ആനകളുടെ ആക്രമണങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. തീര്‍ഥാടന യാത്രയില്‍ ഇത് സംബന്ധിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കുവാന്‍ ഗതാഗത വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്ന അയ്യപ്പഭക്തരുടെ എണ്ണത്തില്‍ ഇത്തവണ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. പഴയ ബസുകള്‍ പെയിന്റ് ചെയ്ത് ശബരി എക്‌സ്പ്രസ് എന്നപേരില്‍ പുറത്തിറക്കിയെന്ന ആരോപണത്തോട് മന്ത്രി പ്രതികരിച്ചില്ല.എരുമേലി വലിയമ്പലം കെഎസ്ആര്‍ടിസി സെന്റര്‍ നൈനാര്‍ ജുംഅ മസ്ജിദ്, കൊച്ചമ്പലം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് മന്ത്രി മടങ്ങിയത്.

Related posts