പ്രവാസികള്‍ക്ക് കുവൈറ്റിലും രക്ഷയില്ല; വിദേശ ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയവും മുനിസിപ്പാലിറ്റിയും തയ്യാറെടുക്കുന്നു

കുവൈറ്റ് : സൗദി അറേബ്യയ്ക്കു പിന്നാലെ കുവൈറ്റിലും സ്വദേശിവല്‍ക്കരണം ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഭാഗമായി 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചു വിടാന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ജോലിയില്‍ നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 140 ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കിയെന്നും വ്ിവരമുണ്ട്. കുവൈറ്റിന്റെ നീക്കത്തെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ ആശങ്കയിലാണ്.

കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഇനിയുള്ള നിയമനങ്ങളിലും വിദേശികളെ പരിഗണിക്കില്ലെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. നിലവിലുള്ളവരില്‍ ആവശ്യത്തിന് യോഗ്യത ഇല്ലാത്തവരെയും അധികമുള്ളവരെയും ഉടന്‍ പിരിച്ചുവിട്ടേക്കും. ഇതോടൊപ്പം നിലവിലെ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അത് പുതുക്കി നല്‍കേണ്ടെന്നും തീരുമാനമായിട്ടുണ്ട്. പിരിച്ചു വിടലിന് മുന്നോടിയായി ബോണസുകള്‍, അലവന്‍സുകള്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ ആവശ്യത്തിലേറ പ്രവാസി തൊഴിലാളികളാണ് മുന്‍സിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍. വളരെയധികം മലയാളികള്‍ക്കു തിരിച്ചടിയാവുന്നതാണ് കുവൈറ്റ് ഗവണ്‍മെന്റിന്റെ ഈ തീരുമാനം.

 

Related posts