സ്വദേശിവത്കരണം! കുവൈത്ത് മുൻസിപ്പാലിറ്റിയിൽ നിന്നും വിദേശി തൊഴിലാളികളെ പിരിച്ചുവിടുന്നു

കുവൈത്ത് സിറ്റി : സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി കുവൈത്ത് മുൻസിപ്പാലിറ്റിയിൽ നിന്നും എഴുപത് വിദേശ തൊഴിലാളികളെ പിരിച്ചു പിടുവാൻ സിവിൽ സർവീസ് കമ്മീഷൻ നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രമായ അൽ ക്വബസ് റിപ്പോർട്ട് ചെയ്തു.

വരുന്ന വർഷത്തേയ്ക്കുള്ള സാന്പത്തിക ബജറ്റിൽ വിദേശി തൊഴിലാളികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള ഫണ്ട് വകയിരുത്തുന്നതിന്‍റെ ഭാഗമായാണ് തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതെന്ന് സിഎസ്സി ബജറ്റ് ആൻഡ് ജോബ് ഓർഗനൈസേഷൻ വകുപ്പ് ഡയറക്ടർ ഐഷ അൽ മുത്തവ പറഞ്ഞു. അതേസമയം ഇത്രയും തൊഴിലാളികളെ ഒരുമിച്ച് പുറത്താക്കുന്നത് മുൻസിപ്പാലിറ്റിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുവാൻ സാധ്യതയുണ്ടന്ന് മുൻസിപ്പാലിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടു ചെയ്തു.

മുൻസിപ്പാലിറ്റിയുടെ കീഴിൽ 430 വിദേശി തൊഴിലാളികൾ കരാർ അടിസ്ഥാനത്തിലും 250 വിദേശികൾ സ്പെഷൽ കരാർ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നുണ്ട്. തൊഴിലാളികളുടെ പ്രായം, തൊഴിൽ മേഖലയിലെ പ്രാവീണ്യം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്നും ജനുവരി രണ്ടിന് പിരിച്ചുവിടൽ നോട്ടീസ് കൈമാറുമെന്നും സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ

Related posts