മണ്ണാർക്കാട്: പോലീസ് നടത്തിയ വാഹനപരിശോധനയിൽ വൻ കുഴൽപ്പണസംഘത്തെ പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരിൽനിന്ന് 75 ലക്ഷം രൂപ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കാർ യാത്രികരായ കരിങ്കല്ലത്താണി തൊടുകാപ്പ് നാലകത്തു വീട്ടിൽ നൗഷാദ് ബാബു (38), കൊടക്കാട് കൊണ്ടോട്ടി പറന്പിൽ കുഞ്ഞാണി എന്ന കോയ (50) കൊടക്കാട് കോരംചാടി മുഹമ്മദ് ഫവാസ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലർച്ചെയാണ് സംഭവം. എംഇഎസ് കല്ലടി കോളജ് പരിസരത്തുവച്ച് വാഹനപരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയിൽ എത്തിയ സ്വഫ്റ്റ് കാറിൽ നിന്നാണ് പണം പിടിച്ചത്. കാറിൽ രഹസ്യ അറ ഒരുക്കിയായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
പിടിച്ചെടുത്ത പണം എൻഫോഴ്സ്മെന്റിനു കൈമാറിയതായി മണ്ണാർക്കാട് സിഐ ഹിദായത്തുള്ള മാന്പ്ര പറഞ്ഞു. എസ്ഐ ഷിജു ഏബ്രഹാം, ദേവസ്യ, പൊടിമോൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് കുഴൽപ്പണം പിടിച്ചെടുത്തത്.