ബെയ്റൂട്ട്: വ്യോമാക്രമണങ്ങൾക്കു പിന്നാലെ തെക്കൻ ലബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആർട്ടിലറി വിഭാഗവും ദൗത്യത്തിൽ പങ്കാളികളാണ്. സായുധ സംഘടനയായ ഹിസ്ബുള്ളയുമായുള്ള സംഘർഷം രൂക്ഷമായിരിക്കേയാണ് ഇസ്രയേൽ നിയന്ത്രിതമായ രീതിയിലുള്ള കരയുദ്ധത്തിനു തുടക്കമിട്ടത്.
കരവഴിയുള്ള ഇസ്രയേൽ നീക്കം തടയാൻ തങ്ങൾ സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാമെന്നും ഹിസ്ബുള്ള ഡെപ്യൂട്ടി ലീഡർ നയിം ഖാസിം പറഞ്ഞു. ഇതോടെ യുദ്ധം കൂടുതൽ കടുക്കുമെന്ന് ഉറപ്പായി. കരയുദ്ധം തുടങ്ങും മുന്പ് ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ദാഹിയിലെ താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ പുതിയ മുന്നറിയിപ്പ് നൽകിയിരുന്നു.
തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരേ പരിമിതമായ ഗ്രൗണ്ട് റെയ്ഡുകൾ ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ സേന പ്രഖ്യാപിച്ചു. ഇസ്രയേൽ-ലെബനൻ അതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ വടക്കൻ ഇസ്രയേലിലെ ജനങ്ങൾക്ക് ഭീഷണിയാണെന്നും സേന പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മൂന്നു പേർ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനനിൽ രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ പ്രധാന കമാൻഡർമാരെയെല്ലാം ഇസ്രയേൽ വധിച്ചു. 10 ലക്ഷം പേർ അഭയാർഥികളായി. സിറിയയിലേക്ക് ഒരു ലക്ഷം പേർ പലായനം ചെയ്തു.