സ്വര്‍ണം മോഷ്ടിച്ചെന്നു ഭീഷണിപ്പെടുത്തി, യുവതിയെ വിളിച്ചുവരുത്തി കോട്ടേജില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, 84കാരനായ പിതാവും മകനും പിടിയില്‍, കൊല്ലത്തെ പെണ്‍കുട്ടിക്കു തുണയായത് ലാന്‍ഡ്‌ഫോണ്‍!

joliസ്വര്‍ണം അപഹരിച്ചെന്ന് ആരോപിച്ചു ജൂവലറി ജീവനക്കാരിയെ ആറുദിവസം തടങ്കലില്‍ പാര്‍പ്പിച്ച് ഉടമ പീഡിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് യുവതിയെ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ടു പ്രതിയുടെ പിതാവ് നെടുമ്പായിക്കുളം ഷീജാ കോട്ടേജില്‍ അബ്ദുല്‍ഖാദറിനെ (84) എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ അന്യായമായി തടങ്കലില്‍ വച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റ്.

ഇയാളുടെ മകനും കേസില്‍ ഒന്നാം പ്രതിയുമായ കൊല്ലം ആശ്രാമം മണിഗ്രാമത്തില്‍ ദില്‍ഷാദ് (45) ഒളിവിലാണ്. ഓയൂരില്‍ പ്രവര്‍ത്തിക്കുന്ന ജൂവലറിയില്‍ ആറു മാസം മുമ്പാണ് കോട്ടയം കുമരകം സ്വദേശിനിയും വിവാഹിതയുമായ 28 വയസുകാരി ജോലിക്കെത്തുന്നത്. കടയുടെ മുകളിലത്തെ മുറിയില്‍ ദില്‍ഷാദ് പലതവണ പീഡനത്തിനിരയാക്കിയെന്നു യുവതി മൊഴി നല്‍കി. എഴുകോണ്‍ നെടുമ്പായിക്കുളത്തെ കുടുംബവീട്ടില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചെന്നും ഇതിനു അബ്ദുല്‍ഖാദര്‍ സഹായം നല്‍കിയെന്നും യുവതി പോലീസിനോടു പറഞ്ഞു.

രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ജൂവലറിയില്‍ നിന്നു സ്വര്‍ണം അപഹരിച്ചെന്നുകാട്ടി കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇന്നലെ രാവിലെ യുവതിക്ക് ലാന്‍ഡ് ഫോണില്‍ നിന്ന് പോലീസിനെ ബന്ധപ്പെടാന്‍ അവസരം ലഭിച്ചു. തുടര്‍ന്നാണു പോലീസെത്തി മോചിപ്പിച്ചത്. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ അബ്ദുല്‍ഖാദറിനെ റിമാന്‍ഡ് ചെയ്തു. ദില്‍ഷാദിനായി അന്വേഷണം ഊര്‍ജിതമാക്കി.

Related posts