കോഴിക്കോട്: മുസ്ലിം ലീഗ് നേതാവിനെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇടഞ്ഞിരിക്കേ മഞ്ഞുരുക്കാന്‍ മുസ്ലിം ലീഗ് ശ്രമം. പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലീഗ് എടുത്ത തീരുമാനം കോണ്‍ഗ്രസില്‍ മുറുമുറുപ്പിനിടയാക്കി. സിപിഎമ്മിന്റെ രാഷ്ട്രീയനീക്കത്തില്‍ ലീഗ് വീണുപോയെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്.
യുഡിഎഫിലും അസ്വാസ്ഥ്യമുണ്ട്. എന്നാല്‍ ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇക്കാര്യം ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ലീഗിനെ ഏതുവിധേനയും എല്‍ഡിഎഫില്‍ എത്തിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇന്നലെങ്കില്‍ നാളെ എന്ന രീതിയില്‍ ലീഗിനെ അടുപ്പിക്കാന്‍ ശ്രമിക്കുന്ന സിപിഎം അതിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
പരസ്യ പ്രതികരണത്തിലേക്ക് പോയാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിവുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ മൗനം തുടരാനാണ് നിര്‍ദേശം.
ലീഗിനോടുള്ള സിപിഎമ്മിന്റെ ഈ മൃദു സമീപനത്തില്‍ എല്‍ഡിഎഫില്‍ സിപിഐക്കൊഴികേ മറ്റൊരു കക്ഷിക്കും എതിര്‍പ്പില്ലതാനും. ലോക്സഭാതെരഞ്ഞെടുപ്പുവരെയെങ്കിലും ഈ മൃദുസമീപനം തുടര്‍ന്നുകൊണ്ടുപോകുകയും അതുവഴി രാഷ്ട്രീയ നേട്ടം സ്വപ്നം കാണുകയുമാണ് സിപിഎം.
ഈ മാസം പതിനൊന്നിനു കോഴിക്കോട്ടു നടന്ന സിപിഎമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യറാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. ഒരു വിഭാഗം ലീഗ് നേതാക്കള്‍ക്ക് റാലിയില്‍ പങ്കെടുക്കുന്നതിനോടു യോജിപ്പായിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ലീഗ് ഈ നീക്കത്തില്‍നിന്ന് പിന്മാറുകയായിരുന്നു.