25-ാം വയസില്‍ മന്ത്രിസ്ഥാനം, കേന്ദ്രമന്ത്രിസഭയിലെ ജനകീയ മുഖം, ഒരു ജനകീയ വിദേശകാര്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് കാണിച്ചുതന്ന സുഷമ സ്വരാജിന്റെ ജീവിതത്തിലൂടെ…

sushamaഎല്ലാവരും പ്രാര്‍ഥനയിലാണ്. തങ്ങളുടെ ജനകീയമന്ത്രി സുഷമാജി ആരോഗ്യത്തോടെ തിരിച്ചുവരണമേയെന്ന്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യമന്ത്രിയെന്ന് രാഷ്ട്രീയഭേദമന്യേ ഏവരും വിശേഷിപ്പിക്കുന്ന സുഷമയെ ഡല്‍ഹി എയിംസില്‍ വൃക്കമാറ്റിവയ്ക്കലിനായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരുങ്ങിയ കാലയളവുകള്‍ കൊണ്ട് രാജ്യത്താകമാനമുള്ള ജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റിയ സുഷമയുടെ ജീവിതത്തിലൂടെ.

ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി, ഇന്ത്യയുടെ രണ്ടാമത്തെ വനിതാ വിദേശകാര്യമന്ത്രി, ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മിനിസ്റ്റര്‍ എന്നീ നേട്ടങ്ങള്‍ വെറുതെ കിട്ടിയതല്ലെന്നു തെളിയിക്കുന്നതായിരുന്നു സുഷമയുടെ രാഷ്ട്രീയ ജീവിതം. 1977ല്‍ ഹരിയാനയില്‍ നിന്നും എംഎല്‍എ ആയതോടെയാണ് സുഷമ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു വരുന്നത്. അന്ന് കേവലം 25 വയസായിരുന്നു പ്രായം. കാബിനറ്റ് മന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും അതോടെ സുഷമയ്ക്കു കൈവന്നു. ഇന്നും തകര്‍ക്കപ്പെടാത്ത റിക്കാര്‍ഡാണിത്. 1987ല്‍ ഹരിയാനയില്‍ നിന്നു വീണ്ടും എംഎല്‍എയായി. 1998ല്‍ മൂന്നാംവട്ടവും നിയമസഭാഗമായി. ഇക്കുറി തട്ടകം ഡല്‍ഹിയായിരുന്നു. 1998 ഒക്ടോബറില്‍ ഡല്‍ഹിയുടെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സുഷമ ചുമതലയേറ്റു.

ഹരിയാനയിലെ സനാതന്‍ ധര്‍മ കോളജില്‍ പഠിക്കുന്ന കാലത്തുതന്നെ സുഷമയുടെ കഴിവുകള്‍ വെളിയില്‍ വന്നു. കോളജ് പഠനകാലത്തെ മൂന്നുവര്‍ഷങ്ങളിലും മികച്ച എന്‍സിസി കേഡറ്റിനുള്ള പുരസ്കാരം ലഭിച്ചത് പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി. ഏറ്റവും മികച്ചരീതിയില്‍ ഹിന്ദിയില്‍ പ്രസംഗിക്കുന്ന വ്യക്തിക്കുള്ള ഹരിയാന സര്‍ക്കാരിന്റെ പുരസ്ക്കാരവും തുടര്‍ച്ചയായ മൂന്നുവര്‍ഷങ്ങളില്‍ നേടാന്‍ അവര്‍ക്കായി. 1973ല്‍ സുപ്രീം കോടതിയില്‍ സുഷമ വക്കീല്‍ പ്രാക്ടീസ് ആരംഭിച്ചു. 1975ലായിരുന്നു സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റായ സ്വരാജ് കൗശലുമായുള്ള വിവാഹം. മകള്‍ ബാംസുരി സ്വരാജിന്റെ ജനനത്തിനു ശേഷമാണ് സുഷമ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

വിദേശകാര്യമന്ത്രി എന്ന നിലയില്‍ സുഷമയുടെ പ്രവൃത്തികള്‍ പ്രശംസനീയമെന്ന് രാഷ്ട്രീയ എതിരാളികള്‍വരെ സമ്മതിക്കും. ട്വിറ്റര്‍ പോലെയുള്ള നവ മാധ്യമങ്ങളിലൂടെ, ആളുകളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതില്‍ മാതൃകയാകാന്‍ കഴിഞ്ഞതാണ് സുഷമയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്. വിദേശയാത്രകളുമായി ബന്ധപ്പെട്ട് അനേകം ആളുകളുടെ പ്രശ്‌നങ്ങള്‍ മന്ത്രിയെന്നനിലയില്‍ അവര്‍ നേരിട്ടാണ് പരിഹരിച്ചത്. വിദേശസംബന്ധിയായ എന്തു പ്രശ്‌നങ്ങളുണ്ടെങ്കിലും ആശ്രയിക്കാവുന്ന മന്ത്രി എന്ന ലേബല്‍ സുഷമയ്ക്ക് ലഭിക്കാന്‍ കാരണമായതും ഇതൊക്കെയാണ്. അന്താരാഷ്ട്ര പ്രതിസന്ധികള്‍ പലതും വളരെ കൃത്യതയോടെ പരിഹരിക്കുന്നതിലും സുഷമവിജയിച്ചു.

വിദേശത്തു കുടുങ്ങിയ ആളുകളെ നാട്ടിലെത്തിക്കുന്നതില്‍ സുഷമ കാണിച്ച ആര്‍ജവം മറ്റൊരു മന്ത്രിക്കും അവകാശപ്പെടാനാവാത്തതാണ്. ദക്ഷിണാഫ്രിക്കയില്‍ വീട്ടുതടങ്കലിലാക്കപ്പെട്ട മലയാളി യുവതിയെ നാട്ടിലെത്തിക്കാന്‍ സുഷമ നീങ്ങിയത് വളരെ കൃത്യമായ വഴിയിലൂടെയായിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ യുവതിയെ രക്ഷപ്പെടുത്തിയ കാര്യം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ച സുഷമ. യുവതി പിറ്റേ ദിവസം കൊച്ചിയിലെത്തുമെന്ന് സഹോദരന് ട്വീറ്റ് ചെയ്യുകയും ചെയ്തു. ജര്‍മനിയില്‍ വച്ച് പാസ്‌പോര്‍ട്ടും പണവും നഷ്ടമായ യുവതിയും സുഷമയുടെ സഹായം ഏറ്റുവാങ്ങി. രാത്രിയില്‍ പണവും പാസ്‌പോര്‍ട്ടും നഷ്ടമായി ആരെയെങ്കിലും ബന്ധപ്പെടാന്‍ സഹായിക്കണം എന്നു ട്വീറ്റു ചെയ്ത ആഗ്രതാ ദിനകരന്‍ എന്ന യുവതിയ്ക്ക് അല്‍പ സമയത്തിനകം സുഷമയുടെ മറുട്വീറ്റ് ലഭിച്ചു. “ദയവായി നിങ്ങളുടെ നമ്പര്‍ അയച്ചുതരൂ ആരെങ്കിലും ഉടന്‍തന്നെ നിങ്ങളുമായി ബന്ധപ്പെടും” ഇതായിരുന്നു ട്വിറ്ററിലെ ഉള്ളടക്കം. ഇതു പ്രകാരം സഹായം ലഭിച്ച യുവതി താന്‍ സുരക്ഷിതമായ സ്ഥലത്തെത്തിയെന്ന് ഉടന്‍ തന്നെ സന്ദേശവുമയച്ചു. പിറ്റേ ദിവസം മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ തന്നെ സഹായിച്ചതായും ആഗ്രത ട്വീറ്റ് ചെയ്തു.

ഇറാക്കില്‍ കുടുങ്ങിയ 168 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സുഷമ കാണിച്ച ധൈര്യം പ്രവാസികള്‍ക്കിടയില്‍ വലിയ മതിപ്പുണ്ടാക്കി. ഇവരെ രക്ഷപ്പെടുത്താനായതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നു സുഷമ ട്വീറ്റ് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയുടെ ലിങ്കും സുഷമ ഇതോടൊപ്പം പോസ്റ്റ് ചെയ്തു.യമനില്‍ ആഭ്യന്തര കലാപം രൂക്ഷമായപ്പോള്‍ അവിടെ കുടുങ്ങിപ്പോയ ആളുകളെ രക്ഷപ്പെടുത്താനും സുഷമ മുന്നിട്ടിറങ്ങി. എയര്‍ഫോഴ്‌സിന്റെ രണ്ട് c-17 വിമാനങ്ങളാണ് ഇന്ത്യ യമനിലേക്ക് അയച്ചത്. കവരത്തി, കോറല്‍ എന്നീ യാത്രാക്കപ്പലുകളും ഇന്ത്യയുടെ മൂന്നു യുദ്ധക്കപ്പലുകളും യാത്രക്കാരെ തിരികെയെത്തിക്കുന്നതിനായി യമന്റെ അയല്‍രാജ്യമായ ജിബൂട്ടിയിലേക്കു പോയി. എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് സുഷമയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോഘട്ടവും സുഷമ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ശത്രുത മറന്ന് യമനില്‍ നിന്ന് മൂന്നു പാക്കിസ്ഥാന്‍കാരെ രക്ഷിച്ചതും ലോകം കണ്ടു. യമനിലെ രക്ഷാപ്രവര്‍ത്തനം ലോകരാജ്യങ്ങളുടെ പ്രശംസപിടിച്ചു പറ്റി അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള വമ്പന്മാര്‍ പോലും യമനില്‍ നിന്നു തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിനായി ഇന്ത്യയെ സമീപിച്ചത് ഇന്ത്യന്‍ വിദേശകാര്യമന്ത്രായലത്തിനുള്ള അംഗീകാരം കൂടിയായി. അമേരിക്ക ഇന്ത്യയുടെ പത്തിരട്ടി സേനയെ യമന്‍ ദൗത്യത്തിനുപയോഗിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയുടെ സഹായം തേടേണ്ടിവന്നെന്നാണ് എബിസി ന്യൂസ് എഡിറ്റര്‍ ജോണ്‍ വില്യംസ് അന്ന് ട്വീറ്റ് ചെയ്തത്. വിദേശത്ത് ജോലി ചെയ്യുന്ന ആളുകളുടെ പാസ്‌പോര്‍ട്ടും ശമ്പളവും കമ്പനി പിടിച്ചുവയ്ക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അതിനും ഉടനടി പരിഹാരം കാണാന്‍ സുഷമയ്ക്ക് കഴിഞ്ഞു. വിദേശകാര്യമന്ത്രി എന്ന നിലയില്‍ തനിക്കു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്ത് സുഷമ വൃക്ക രോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുമ്പോള്‍ രാജ്യത്തിന്റെ പ്രാര്‍ഥനയും ഒപ്പമുണ്ടാവും.

(രാഷ്ട്രദീപികഡോട്ട്‌കോം തയാറാക്കുന്ന ഫീച്ചറുകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നപക്ഷം നിയമനടപടി സ്വീകരിക്കുന്നതാണ്)

Related posts